ദുഷ്യന്ത് ദവെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രാജിവെച്ചു. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനാലാണ് രാജിയെന്നാണ് ദവേ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല. അതേസമയം കേന്ദ്ര സര്‍ക്കാറിനെതിരെ തുടരുന്ന കര്‍ഷക പ്രക്ഷോഭവുമായി ദവേയുടെ രാജിക്ക് ബന്ധമുണ്ടോ എന്ന ചോദ്യം ഉയരുന്നുണ്ട്. സുപ്രീംകോടതി മുമ്പാകെ നടന്ന വാദങ്ങളില്‍ കര്‍ഷക സംഘടനകള്‍ക്കു വേണ്ടി ദവേയാണ് ഹാജരായിരുന്നത്. നിയമം സ്റ്റേ ചെയ്യുകയും നാലംഗ കമ്മിറ്റിക്ക് രൂപം നല്‍കുകയുംചെയ്ത ദിവസം സുപ്രീംകോടതി നടപടികളില്‍ നിന്ന് ദവേ അടക്കം കര്‍ഷക സംഘടനകള്‍ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ കൂട്ടത്തോടെ വിട്ടുനിന്നത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ദവേയുടെ രാജി.
സമീപ കാല സംഭവങ്ങളില്‍നിന്ന് നിങ്ങളുടെ നേതാവായി തുടരാനുള്ള അവകാശം തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന തോന്നലുണ്ട്. അതിനാല്‍ തന്റെ അടിയന്തര പ്രാബല്യത്തോടെ രാജി ഇവിടെ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ കമ്മിറ്റിയുടെ കാലാവധി അവസാനിരിക്കുകയാണ്- ദവേ കത്തില്‍ വ്യക്തമാക്കി. ദവേയുടെ രാജിക്കത്ത് ലഭിച്ചതായി ബാര്‍ അസോസിയേഷന്‍ സെക്രട്ടറി രോഹിത് പാണ്ഡെയും സ്ഥിരീകരിച്ചു.