ഇ. അഹ്മദ് സാഹിബ് അനുസ്മരണ ആല്‍ബം പ്രകാശനം ചെയ്തു

ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി ഒരുക്കുന്ന 'ഓര്‍മകളുടെ പൂക്കാലം പോലെ അഹമ്മദ് സാഹിബ്' അനുസ്മരണ ആല്‍ബം അഹമ്മദ് സാഹിബിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍ഷാദ് പ്രകാശനം ചെയ്യുന്നു

ദുബൈ: മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ. അഹ്മദ് സാഹിബിന്റെ സ്മരണാര്‍ത്ഥം ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി ഒരുക്കിയ ‘ഓര്‍മകളുടെ പൂക്കാലം പോലെ അഹമ്മദ് സാഹിബ്’ അനുസ്മരണ ആല്‍ബം ഇ. അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍ഷാദ് പ്രകാശനം ചെയ്തു. ഇ. അഹമ്മദിന്റെ ഓര്‍മ ദിനമായ ഫെബ്രുവരി ഒന്നിന് സാമൂഹിക മാധ്യമങ്ങളിലൂടെയും കെഎംസിസി, യൂത്ത് ലീഗ് ഔദ്യോഗിക വേദികളിലൂടെയും ആല്‍ബം റിലീസ് ചെയ്യും.
ഡോ. ഫൗസിയ ഷെര്‍ഷാദിന്റെ വസതിയില്‍ നടന്ന ലളിത ചടങ്ങില്‍ ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് പി.വി ഇസ്മായില്‍, ജന.സെക്രട്ടറി സൈനുദ്ദീന്‍ ചേലേരി, ട്രഷറര്‍ കെ.വി ഇസ്മായില്‍, സെക്രട്ടറി റഹ്ദാദ് മൂഴിക്കര, ഗാന രചയിതാവ് നജീബ് തച്ചംപൊയില്‍, എഞ്ചി. അബൂബക്കര്‍, വാഷിംഗ്ടണ്‍ ഡിസിയില്‍ വേള്‍ഡ് ബാങ്ക് കണ്‍സള്‍ട്ടന്റായ സുഹൈല്‍ ഷെര്‍ഷാദ് പങ്കെടുത്തു.
നജീബ് തച്ചംപൊയില്‍ രചനയും ഇഖ്ബാല്‍ കണ്ണൂര്‍ സംഗീത സംവിധാനവും ടി.എന്‍.എ ഖാദര്‍ ഏകോപനവും നിര്‍വഹിച്ച അനുസ്മരണ ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായിക ഫാത്തിമ ഫിദയാണ്. ലോജിക് മീഡിയയാണ് അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.