സാമ്പത്തിക ശേഷിയുള്ള പ്രവാസീ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം

പുതിയ അംഗീകാരം യുഎഇ കാബിനറ്റ് യോഗത്തില്‍

ജലീല്‍ പട്ടാമ്പി
ദുബൈ: യുഎഇയിലുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ രക്ഷിതാക്കളെ കൊണ്ടുവരാനും അവരുടെ സ്‌പോണ്‍സര്‍മാരാവാനും അനുമതി നല്‍കുന്ന പുതിയ വിസാ-താമസ ചട്ടങ്ങള്‍ക്ക് യുഎഇ കാബിനറ്റ് ഇന്നലെ അനുമതി നല്‍കി. സാമ്പത്തികമായി ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിയത് വിസാ-താമസ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ നടപ്പാക്കിക്കൊണ്ടാണെന്ന് ഞായറാഴ്ച യുഎഇ മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പറഞ്ഞു.
മിഡില്‍ ഈസ്റ്റ് മേഖലയിലെ വിദ്യാഭ്യാസ ഹബ് ആയി യുഎഇ മാറിയിട്ടുണ്ട്. 77ലധികം സര്‍വകലാശാലകള്‍ ഇന്ന് യുഎഇയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അവയില്‍ പഠനം നടത്തി വരുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. നിലവില്‍, 18 വയസിന് മുകളില്‍ പ്രായമുള്ള ഒരു പ്രവാസി വിദ്യാര്‍ത്ഥിക്ക് ഒരു വര്‍ഷത്തെ സ്റ്റുഡന്റ് വിസ ഇഷ്യൂ ചെയ്യുന്നുണ്ട്. ഒരു രക്ഷിതാവിനോ, അല്ലെങ്കില്‍ ഒരു അംഗീകൃത യൂണിവേഴ്‌സിറ്റിക്കോ യുഎഇയിലെ താമസത്തിനായി സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കും. ദീര്‍ഘകാല താമസ പദ്ധതിയനുസരിച്ച്, അല്ലെങ്കില്‍ ‘ഗോള്‍ഡ്’ വിസ പ്രകാരം, പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷത്തെ ദീര്‍ഘ കാല വിസക്ക് അപേക്ഷിക്കാവുന്നതാണ്.
യുഎഇ മന്ത്രിസഭയുടെ 2021ലെ ആദ്യ മന്ത്രിസഭാ യോഗമാണ് ഞായറാഴ്ച നടന്നത്. ദേശീയ വിനോദ സഞ്ചാര പദ്ധതികളുടെ ഏകോപനത്തെയും വിപണനത്തെയും പിന്തുണക്കാനും എമിറേറ്റ്‌സ് ടൂറിസം കൗണ്‍സില്‍ (ഇടിസി) രൂപവത്കരിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. ”രാജ്യത്തെ എല്ലാ എമിറേറ്റുകളിലെയും ടൂറിസം അവസരങ്ങളില്‍ നിന്നും യുവ സമൂഹത്തിന് പ്രയോജനപ്പെടാനുള്ള പിന്തുണയും സഹായവുമാണ് നമ്മുടെ ലക്ഷ്യം” -ശൈഖ് മുഹമ്മദ് ട്വീറ്റില്‍ പറഞ്ഞു.
”സോഫ്റ്റ് പവര്‍ ഇന്‍ഡികേറ്റേഴ്‌സില്‍ യുഎഇ ലോകത്ത് 18-ാം സ്ഥാനത്താണുള്ളത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ പൊതുകടവുമായി ബന്ധപ്പെട്ട തന്ത്രാസൂത്രണവും അംഗീകരിച്ചെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്.ജനറല്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍, കാബിനറ്റ് കാര്യ-ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഖര്‍ഖവി, മറ്റു മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാബിനറ്റ് യോഗത്തില്‍ പങ്കെടുത്തു.