യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുന്നു

അല്‍സീദാവി ഗ്രൂപ് മേധാവി താലിബ് സാലിഹ് അല്‍സീദാവി ഉല്‍പന്നങ്ങളെ കുറിച്ച് വിശദീകരിക്കുന്നു

അജ്മാന്‍: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുകയാണെന്ന് ഭക്ഷ്യോല്‍പന്ന കയറ്റുമതി രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. അറബ് വിഭവങ്ങളില്‍ ഉപയോഗിക്കുന്ന തഹീന, വെളുത്ത എള്ള് എന്നിവയുടെ കയറ്റുമതി ഇന്ത്യയിലേക്ക് വര്‍ധിച്ചുവെന്ന് യുഎഇയിലെ പ്രമുഖ ഭക്ഷ്യോല്‍പന്ന നിര്‍മാതാക്കളായ അല്‍സീദാവി ഗ്രൂപ് മേധാവി താലിബ് സാലിഹ് അല്‍സീദാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈയിലേക്കാണ് ഏറ്റവും കൂടുതല്‍ തഹീന കയറ്റി അയക്കുന്നത്. അറബ് മേഖലയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നത് മുംബൈയിലെ റെസ്റ്റോറന്റുകളില്‍ അറബ് വിഭവങ്ങളുടെ ആവശ്യകത വര്‍ധിപ്പിച്ചിട്ടുണ്ട്. 1,500 ടണ്‍ തഹീനയാണ് മുംബൈയിലേക്ക് കയറ്റി അയക്കുന്നത്. കേരളത്തിലേക്കും സാധ്യതകള്‍ വര്‍ധിക്കുകയാണെന്നും താലിബ് അല്‍സീദാവി വെളിപ്പെടുത്തി.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എള്ള് കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷെ, ഇന്ത്യയിലെ എള്ള് ബേക്കറി ഉല്‍പന്ന നിര്‍മാണത്തിനാണ് ഉപയോഗിക്കുക. തഹീന, ഹുമൂസ് എന്നിവ നിര്‍മിക്കുന്ന വെളുത്ത എള്ള് കൂടുതല്‍ എത്തുന്നത് സുഡാനില്‍ നിന്നാണ്. ഇത്തരം 19 ലക്ഷം ടണ്‍ എള്ള് അജ്മാനിലെത്തിക്കാന്‍ ഛാഡ് എന്ന ആഫ്രിക്കന്‍ രാജ്യവുമായി അല്‍സീദാവി കമ്പനി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. തുര്‍ക്കിയിലേക്കും ഇന്ത്യയിലേക്കുമാണ് അജ്മാനില്‍ നിന്ന് ഇവ കയറ്റി അയക്കുക. ഇതിനായി അജ്മാന്‍ സര്‍ക്കാറിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. തഹീന നിര്‍മാണം വിപുലമാക്കാന്‍ സ്ഥാപനം പുതിയ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും താലിബ് പറഞ്ഞു. അല്‍സീദാവിയുടെ പുതിയ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തിയ ചടങ്ങില്‍ ഫഹീമ, ജൂലിയ, സലാഹ് എന്നിവരും പങ്കെടുത്തു.