വ്യാജ ആര്‍സി നിര്‍മാണം: മുഖ്യപ്രതി അറസ്റ്റില്‍

10
റിയാസ്

കണ്ണൂര്‍: വ്യാജ ആര്‍സി നിര്‍മിച്ച് നല്‍കി വാഹന വില്‍പന നടത്തി കബളിപ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് നീലേശ്വരം സ്വദേശി മന്നന്‍പുറം റിയാസ് മന്‍സിലില്‍ റിയാസ് (41) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഈ കേസില്‍ കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയായ കെവി ഫൈസലി(40)നെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുടകിലുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പിടികൂടിയത്. പട്ടാമ്പി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തു കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. മയ്യില്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. 2019 ജനുവരിയില്‍ വാടകയ്ക്കെടുത്ത ഇന്നോവ കാര്‍ ആര്‍സി മാറ്റി വില്‍പന നടത്തുകയും വാങ്ങിയ ആള്‍ ആര്‍ടി ഓഫിസില്‍ രേഖകള്‍ ശരിയാക്കാന്‍ എത്തുകയും ചെയ്തതോടെയാണ് തട്ടിപ്പ് വ്യക്തമായത്. തുടര്‍ന്ന് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കവര്‍ച്ച, തട്ടിപ്പ്, അബ്കാരി കേസുകളില്‍ മട്ടന്നൂര്‍, നീലേശ്വരം, ഹോസ്ദുര്‍ഗ് കോടതികള്‍ ഫൈസലിനെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്