പുതുക്കാട്(തൃശൂര്‍): സുപ്രീം കോടതി ജഡ്ജി ചമഞ്ഞ് പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പുതുക്കാട് സി ഐ.ടി എന്‍ ഉണ്ണികൃഷ്ണന് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചിറക്കല്‍ പുതിയതെരു കവിതാലയം വീട്ടില്‍ ജിഗീഷാണ്(37) പൊലീസിന്റെ പിടിയിലായത്. സുപ്രീം കോടതി ജഡ്ജിയുടെ പേരില്‍ നടത്തിയ തട്ടിപ്പ് സംഘത്തിനെ പിടികൂടാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥിന്റെ നിര്‍ദേശാനുസരണം ചാലക്കുടി ഡിവൈ എസ് പി സി ആര് സന്തോഷ്, പുതുക്കാട് സി ഐ.ടി എന്‍. ഉണ്ണികൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ കുടുക്കിയത്.
വിവിധ സ്ഥലങ്ങളില്‍ മാറി മാറി വാടകക്ക് താമസിച്ചു വന്നിരുന്ന ജിഗീഷിനായി കേരളത്തിലെ പല സ്ഥലങ്ങളിലായി അന്വേഷണം വ്യാപിപിച്ചപ്പോള്‍, സംശയകരമായ രീതിയില്‍ ഒരാള്‍ അന്നമനട ഭാഗത്ത് വാടകക്ക് താമസിക്കുന്നതായി വിവരം ലഭിക്കുകയും ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പുറമേ നിന്ന് കാണാത്ത രീതിയിലുള്ള ഒരു വീട്ടില്‍ വാടകക്ക് താമസിച്ചിരുന്ന ജിഗീഷിനെ പിടികൂടുകയുമായിരുന്നു. 2019 ല്‍ പാലിയേക്കരയിലുള്ള ക്രെയിന്‍ സര്‍വീസ് സ്ഥാപനത്തിന്റെ ക്രെയിന്‍ റോപ്പ് പൊട്ടി വീണ് ഒരാള്‍ മരണപ്പെട്ടതിനും ഒരാള്‍ക്ക് പരിക്ക് പറ്റിയതിനും പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എടുത്ത കേസ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞ് ഒരാള്‍ ഉടമസ്ഥരെ സമീപിക്കുകയും, തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രീം കോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കിതരുമെന്നും പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ടോള്‍ പ്ലാസക്ക് സമീപം വച്ച് ബെന്‍സ് കാറിലാണ് ജിഗീഷ് ജഡ്ജി ചമഞ്ഞ് ആദ്യമെത്തിയത്. ആദ്യ ഗഡുവായി അഞ്ചര ലക്ഷം നല്‍കാമെന്ന് ക്രെയിന്‍ സര്വീസുകാരന് പറയുകയും അത് ഇടാന്‍ അക്കൗണ്ട് നമ്പര്‍ ചോദിച്ചപ്പോള്‍ സുപ്രീം കോടതി ജഡ്ജി ആയതിനാല്‍ പൈസ അക്കൗണ്ട് വഴി വാങ്ങുന്നത് പ്രോട്ടോക്കോള്‍ ലംഘനമായതിനാല്‍ നേരിട്ട് പൈസ തന്നാല്‍ മതി എന്നും നിങ്ങള്‍ ക്രിസ്ത്യന്‍ വിശ്വാസികളായതിനാല്‍ പള്ളിയുടെ മുന്‍ വശത്ത് വച്ച് തന്നാല്‍ മതി എന്ന് പറഞ്ഞ് ആദ്യ ഗഡുവായ അഞ്ചര ലക്ഷം രൂപ നേരിട്ട് വാങ്ങുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു ദിവസമെത്തി ടോള്‍ പ്ലാസക്ക് സമീപം വച്ച് ബാക്കി തുകയും വാങ്ങി ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓര്‍ഡര്‍ കിട്ടും എന്നും അറിയിക്കുകയായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നപ്പോള്‍ ജിഗീഷിനെ പരാതിക്കാരന് ബന്ധപ്പെട്ടപ്പോള്‍ താന്‍ ഡല്‍ഹിയിലാണെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാളുടെ പേരിലുള്ള ചെക്ക് നല്‍കുകയും ബാങ്കില്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങുകയും ചെയ്തു. കബളിക്കപ്പെട്ടതായി മനസ്സിലാക്കിയ ക്രെയിന്‍ ഉടമ പുതുക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.
പത്താം ക്ലാസ് തോറ്റ ശേഷം കണ്ണൂരിലെ ഒരു ഐ ടി സി യില്‍ രണ്ട് വര്‍ഷത്തെ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ കോഴ്സ് ചെയ്ത ജിഗീഷ് തുടര്‍ന്ന് നാല് വര്‍ഷം ഡാന്‍സ് ട്രൂപ്പ് നടത്തുകയും തുടര്‍ന്ന് ഒരു കേബിള്‍ വിഷന്റെ ലോക്കല്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. 2015 ല്‍ വളപട്ടണം സ്റ്റേഷനില്‍ ഒരു യുവാവിനെ കാറ് വാങ്ങി വഞ്ചിച്ച കാര്യത്തിന് ഒരു കേസും 2018 ല്‍ തളിപറമ്പില്‍ ഒരു യുവാവിന് സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനില്‍ ജോലി വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിനും , അതേ വര്‍ഷം തന്നെ മറ്റൊരു യുവാവിന് സെന്‍ടല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനും, രണ്ടു യുവാക്കള്‍ക്ക് സെന്‍ട്രല്‍ ഗവണ്മെന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും, ഒരു യുവാവിന് പോലീസില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയതിനും, മറ്റൊരാള്‍ക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിനും തളിപറമ്പ് പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒരു യുവാവിന് കെ എസ് ആര് ടി സി യില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഒരു കേസ്സും കോടനാട് പൊലീസ് സ്റ്റേഷന് പരിധിയില്‍ വാടകക്ക് താമസിക്കുന്ന സമയം കേരള സര്‍ക്കാറിന്റെ വ്യാജ സീലും മുദ്രകളും ഉണ്ടാക്കി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതിനും പണമിടപാട് നടത്തിയതിനും കോടനാട് പൊലീസ് സ്റ്റേഷനില്‍ ജിഗീഷിന്റെ പേരില്‍ കേസ്സ് നിലവിലുണ്ട്. ഇയാള്‍ക്കെതിരെ മറ്റു സാമ്പത്തിക തട്ടിപ്പ് പരാതിയുമായി പുതുക്കാട് സ്റ്റേഷനില്‍ തട്ടിപ്പിനിരയായവര്‍ എത്തിയിട്ടുണ്ട്. ആര്‍ഭാടമായ ജീവിത ശൈലിയാണ് ഇയാള്‍ പിന്തുടര്ന്നിരുന്നത്. ബെന്‍സ് കാറിലാണ് സഞ്ചാരം. ഇയാള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നും ഇയാളുടെ സ്വത്തു വിവരങ്ങളെ പറ്റിയും, മറ്റു സംഘാംഗങ്ങളെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.