കുടുംബ ബന്ധങ്ങളെ നിലനിര്‍ത്തിക്കൊണ്ടിരിക്കണം

കുടുംബ ബന്ധം പുലര്‍ത്തല്‍ ദൈവ വിശ്വാസത്തിന്റെ അടയാളമാണ്. ”ഒരാള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ കുടുംബക്കാരോട് ബന്ധം പുലര്‍ത്തട്ടെ” (ഹദീസ് ബുഖാരി 5673). അല്ലാഹുവിനെയും കുടുംബ ബന്ധവും സൂക്ഷിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുന്നിസാഅ് ഒന്നാം സൂക്തത്തില്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്. ഒരിക്കല്‍ ഒരു അനുചരന്‍ നബി(സ്വ)യോട് ചോദിക്കുകയുണ്ടായി: ഏത് കാര്യമാണ് അല്ലാഹുവിന് ഏറ്റവുമിഷ്ടം? പ്രവാചകര്‍ (സ്വ) അരുളി: അല്ലാഹുവിലുള്ള വിശ്വാസമാണ്. അദ്ദേഹം പിന്നെയും ചോദിച്ചു: പിന്നെ എന്താണ്? നബി (സ്വ) തുടര്‍ന്നു: കുടുംബ ബന്ധം ചേര്‍ക്കല്‍ (ഹദീസ് മുസ്‌നദു അബീ യഅ്‌ലാ 6/210).
കുടുംബ ബന്ധം പുലര്‍ത്തുന്ന ധര്‍മപാഠങ്ങള്‍ പറയുന്നയിടങ്ങളില്‍ നബി (സ്വ) ‘സ്വിലത്തു റഹിമ്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വിലത് എന്നാല്‍ ചേര്‍ക്കല്‍ എന്നും റഹിമ് എന്നാല്‍ കുടുംബ ബന്ധം എന്നും അര്‍ത്ഥമാക്കുന്നു. ഇത് ഭാഷാപരമായി കുടുംബ ബന്ധം ഊഷ്മളമാക്കുന്ന എല്ലാവിധ വിനിമയങ്ങളെയും ഉള്‍ക്കൊള്ളുന്ന വാഗ് പ്രയോഗമാണ്. ഈ യുഗത്തില്‍ പല നിലക്കും എവിടെ നിന്നും കുടുംബക്കാരുമായി സമ്പര്‍ക്കം പുലര്‍ത്താനും ആശയ വിനിമയം നടത്താനുമുള്ള സൗകര്യങ്ങളുണ്ട്. കണ്ടും കേട്ടും സുഖ വിവരങ്ങള്‍ അറിയാനാകും. വിവര സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് സുഖ-ദു:ഖങ്ങളില്‍ പങ്കു ചേരാനുമാകും. പരസ്പരം പ്രാര്‍ത്ഥിക്കാനുമാകും. ചുരുങ്ങിയത്, പരസ്പരം സലാം പറയാനെങ്കിലുമാകും. സലാം പറഞ്ഞുള്ള അഭിവാദ്യം കൊണ്ടെങ്കിലും കുടുംബ ബന്ധം നിലനിര്‍ത്താനാണ് പ്രവാചക നിര്‍ദേശം (ശിഅബുല്‍ ഈമാന്‍, ബൈഹഖി 6/226).
മക്കള്‍ക്ക് ചെറുപ്പത്തില്‍ തന്നെ കുടുംബക്കാരെ പരിചയപ്പെടുത്തി ബന്ധങ്ങള്‍ സ്ഥാപിപ്പിച്ചു കൊടുക്കണം. മാതാപിതാക്കള്‍ അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. കുടുംബ ബന്ധുക്കള്‍ ആരെല്ലാമെന്ന് പഠിക്കണമെന്നാണ് നബി (സ്വ) പറഞ്ഞിരിക്കുന്നത് (ഹദീസ് തുര്‍മുദി 1979). കുടുംബ ബന്ധം ചേര്‍ക്കുന്നവര്‍ക്ക് ആയുരാരോഗ്യവും ക്ഷേമവും സുഭക്ഷിതയുമുണ്ടാകുമത്രെ. ആയുര്‍ ദൈര്‍ഘ്യവും ഭക്ഷണ വിശാലതയും ആഗ്രഹിക്കുന്നവര്‍ കുടുംബ ബന്ധം ചേര്‍ത്തു കൊള്ളട്ടെ (ഹദീസ് ബുഖാരി, മുസ്‌ലിം). കുടുംബ ബന്ധം പുലര്‍ത്തുന്നവര്‍ക്ക് ഇഹലോകത്ത് ബര്‍ക്കത്തും പരലോകത്ത് ജന്നത്തും (സ്വര്‍ഗം) പ്രതിഫലമായി ലഭിക്കുന്നതാണ്. പ്രമുഖ സ്വഹാബി വര്യന്‍ അബൂ ഹുറൈറ (റ) നബി(സ്വ)യോട് സ്വര്‍ഗ പ്രവേശം സാധ്യമാക്കുന്ന കാര്യങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ കുറച്ച് സല്‍കര്‍മങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ കുടുംബ ബന്ധം ചേര്‍ക്കലും എണ്ണിപ്പറഞ്ഞിട്ടുണ്ട് (ഹദീസ് അഹ്മദ് 8152).
——————–