മിഡില്‍ ഈസ്റ്റിലെ ടോപ് ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക ഫോബ്‌സ് പുറത്തു വിട്ടു

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി ഒന്നാമത്

ദുബൈ: മിഡില്‍ ഈസ്റ്റിലെ ടോപ് ഇന്ത്യന്‍ വ്യവസായികളുടെ പട്ടിക ഫോബ്‌സ് പുറത്തു വിട്ടു. അറബ് ലോകത്ത് മികച്ച സംഭാവനകളര്‍പ്പിച്ചവരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യുഎഇ ആസ്ഥാനമായ ഇന്ത്യന്‍ വ്യവസായികളാണ് 30 അംഗ പട്ടികയില്‍ ഭൂരിഭാഗവുമുള്ളത്. അതില്‍ തന്നെ മലയാളികളാണ് കുടുതലും.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയാണ് പട്ടികയിലെ ഒന്നാമന്‍. ലാന്റ്മാര്‍ക് ഗ്രൂപ് ചെയര്‍മാന്‍ മിക്കി ജഗ്തിയാനി ആണ് തൊട്ടടുത്ത്. കെഫ് ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഫൈസല്‍ കോട്ടിക്കൊള്ളോന്‍, വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ് ചെയര്‍മാന്‍ കെ.പി ബഷീര്‍, എന്നിവരും; സണ്ണി വര്‍ക്കി, രവി പിള്ള, പി.എന്‍.സി മേനോന്‍, ഡോ. ഷംഷീര്‍ വയലില്‍, എന്നിവരുമാണ് ലിസ്റ്റിലുള്ള മറ്റു മലയാളി വ്യവസായികള്‍. സുനില്‍ വാസ്വാനി, ഡോ. തുംബൈ മൊയ്തീന്‍
എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു ഇന്ത്യന്‍ വ്യവസായികള്‍. പ്രഗല്‍ഭ ബിസിനസ് വ്യക്തിത്വങ്ങളാണ് പട്ടികയിലെ സിംഹ ഭാഗമെങ്കിലും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് അടക്കമുള്ള പുതുതലമുറ സംരംഭകരും ഉള്‍പ്പെട്ടിരിക്കുന്നു. ലുലു ഹൈപര്‍ മാര്‍ക്കറ്റ് സിഎംഡി എം.എ യൂസുഫലി അടക്കം മിഡില്‍ ഈസ്റ്റ് ആസ്ഥാനമായുള്ള എട്ടു വന്‍കിട വ്യവസായികളും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു. റീടെയില്‍, വ്യവസായം, ആരോഗ്യ പരിചരണം, ബാങ്കിംഗ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവരാണ് ഫോബ്‌സ് 2021 എഡിഷനിലുള്ളത്.