അബുദാബിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന

    ദുബൈ: അബുദാബിയില്‍ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ പുറത്തുനിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ കോവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്ന് അഡെക് നിര്‍ദ്ദേശിച്ചു. സ്‌കൂളുകളില്‍ പോവുന്ന നാല് വയസ്സു മുതല്‍ 11 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികളാണ് കോവിഡ് പരിശോധന നടത്തേണ്ടത്. എമിറേറ്റില്‍ പ്രവേശിക്കുന്നതിന് 96 മണിക്കൂറിനകം പരിശോധന എടുത്തിരിക്കണം. ശൈത്യകാല അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്ന് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണിത്. വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കോവിഡ് പരിശോധന സംവിധാനവും അബുദാബിയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അബുദാബി സിറ്റിയില്‍ ബയോജെനിക്‌സ് ലാബ്, മസ്ദാര്‍ സിറ്റി, അല്‍ഹൊസന്‍ വണ്‍ഡേ സര്‍ജറി സെന്റര്‍, അല്‍സഹല്‍ ടവേഴ്‌സ്, മഫ്രഖ് ഹോസ്പിറ്റല്‍, ഷക്ബൂത്ത് സെന്റര്‍, അല്‍ഐനില്‍-അല്‍തിവയ്യ കമ്യൂണിറ്റി സെന്റര്‍ മജ്‌ലിസ്, അല്‍റീഫ് കമ്യൂണിറ്റി സെന്റര്‍ അല്‍ഹിലി, അല്‍മസ്ഊദി കമ്യൂണിറ്റി സെന്റര്‍ മജ്്‌ലിസ്, അല്‍ദാഫ്ര, ബര്‍ജീല്‍ ഒയാസീസ് മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്തും.