ജി 7 ഉച്ചകോടിയില്‍ ഇന്ത്യക്ക് ക്ഷണം

ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ജൂണില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയിലേക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടന്‍. ഉച്ചകോടിക്കു മുന്‍പായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്കു ക്ഷണിച്ചിട്ടുണ്ട്.
ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ്‌വ്യവസ്ഥകളായ ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നിവരും യൂറോപ്യന്‍ യൂണിയനും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ കോവിഡ്, കാലാവസ്ഥാ വ്യതിയാനം, തുറന്ന വിപണി തുടങ്ങിയവ ചര്‍ച്ച ചെയ്യും. മോദിയെ ക്ഷണിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സഹകരണം ഊന്നിപ്പറയുന്നു.
ലോകത്തിന്റെ ഫാര്‍മസി’ എന്ന നിലയില്‍, ലോകത്തിന്റെ 50 ശതമാനത്തിലേറെ വാക്‌സിനുകള്‍ ഇന്ത്യയാണു വിതരണം ചെയ്യുന്നത്. മഹാമാരിക്കെതിരെ ബ്രിട്ടനും ഇന്ത്യയും നന്നായി സഹകരിക്കുന്നു. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ പതിവായി സംസാരിക്കാറുണ്ട്. കോവിഡ് വൈറസ് ഏറ്റവും വിനാശകരമാണ്. ആധുനിക ലോകക്രമത്തിന്റെ ഏറ്റവും വലിയ പരീക്ഷണമാണിത്. മെച്ചപ്പെട്ട ഭാവിക്കായി തുറന്ന മനോഭാവത്തോടെ ഐക്യപ്പെടുകയാണു വേണ്ടതെന്നും ബ്രിട്ടന്‍ അഭിപ്രായപ്പെട്ടു. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരിപാടിയുടെ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണെയാണ് നിശ്ചയിച്ചിരുന്നത്. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം യാത്ര റദ്ദാക്കിയിരുന്നു. ഇന്ത്യയും യു.കെയും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കൂടിയാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തുന്നത്.
യു.കെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് കൊവിഡിന്റെ ജനിതകമാറ്റം വന്ന വൈറസ് ഇതിനോടകം 30 ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. 70 ശതമാനം വരെ വേഗത്തില്‍ പടരാന്‍ കഴിവുള്ളതാണ് വൈറസ് എന്നതിനാല്‍ അതീവ ജാഗ്രതയിലാണ് ലോകം. നിരവധി രാജ്യങ്ങള്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് യു.കെയില്‍. രാജ്യത്ത് മരണ സംഖ്യയും ഉയര്‍ന്നുതന്നെയാണ്.