ഗാബയില്‍ ഓസീസ് ഡ്രൈവിംഗ്

ഗാബ ടെസ്റ്റിന്റെ രണ്ടാം ദിവസമായ ഇന്നലെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ ഉപനായകന്‍ രോഹിത് ശര്‍മയെ പുറത്താക്കിയ നതാന്‍ ലിയോണിനെ അനുമോദിക്കുന്ന ഓസ്‌ട്രേലിയയുടെ സഹതാരങ്ങള്‍

കനത്ത മഴയില്‍ അവസാന സെഷന്‍ മുടങ്ങി, രോഹിത് 44ന് പുറത്ത്

ബ്രിസ്‌ബെന്‍:മൂന്നാം സെഷന്‍ കനത്ത മഴയില്‍ ഒലിച്ചു പോയ ബ്രിസ്‌ബെന്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ആദ്യ ഇന്നിംഗ്‌സില്‍ 369 റണ്‍സ് സ്വന്തമാക്കിയ ആതിഥേയര്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റ് 62 റണ്‍സിനിടെ സ്വന്തമാക്കുകയും ചെയ്തു. മഴ കളി തടസ്സപ്പെടുത്തുന്നതിന് മുമ്പ് ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് സ്വന്തമാക്കിയതാണ് മല്‍സരത്തില്‍ ഓസ്‌ട്രേലിയക്ക് വ്യക്തമായ ആധിപത്യം സമ്മാനിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായ ഇന്ത്യയെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റേന്തി രോഹിതാണ് മല്‍സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്. എന്നാല്‍ അവസാന സെഷന് തൊട്ട് മുമ്പ് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണിനെ ആക്രമിക്കാനുള്ള ശ്രമത്തില്‍ ഇന്ത്യന്‍ താരത്തിന് പിഴച്ചു. ഡീപ്പില്‍ മിച്ചല്‍ സ്റ്റാര്‍ക് പന്ത് പിടിച്ചു. ചേതേശ്വര്‍ പുജാര, നായകന്‍ അജിങ്ക്യ രഹാനേ എന്നിവരാണ് ക്രീസില്‍. ആദ്യ രണ്ട് ദിവസം ബാറ്റിംഗിനെ തുണച്ച പിച്ച് കാലാവസ്ഥ മാറിയ സാഹചര്യത്തില്‍ ഇന്ന് ഏത് വിധം പെരുമാറുമെന്ന് വ്യക്തമല്ല. പരമ്പര സ്വന്തമാക്കാന്‍ വിജയം തന്നെ അത്യാവശ്യമായ ഓസ്‌ട്രേലിയക്കാര്‍ പേസര്‍മാരെ ഉപയോഗപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തും. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്ക് സമനില മാത്രം മതി. 54.2 ഓവര്‍ മാത്രമാണ് ഇന്നലെ കളി നടന്നത്.
ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് 274 ല്‍ പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി നായകന്‍ ടീം പെയിനെയും കാമറൂണ്‍ ഗ്രീനും മനോഹരമായി ബാറ്റിംഗ് തുടര്‍ന്നു. രാവിലെ പിച്ചില്‍ നിന്നും ലഭിക്കുന്ന പിന്തുണ ഉപയോഗപ്പെടുത്താന്‍ മുഹമ്മദ് സിറാജും തങ്കരസു നടരാജനും പരമാവധി ശ്രമിച്ചു. പക്ഷേ നായകന്റെ ഉത്തരവാദിത്വത്തില്‍ കളിച്ച പെയിനെ അര്‍ധശതകം പൂര്‍ത്തിയാക്കി ഭീഷണി മുഴക്കി. എന്നാല്‍ അതേ സ്‌ക്കോറില്‍ ഓസീസ് നായകനെ പുറത്താക്കി ശ്രാദ്ധൂല്‍ ഠാക്കൂറാണ് ഇന്ത്യന്‍ തിരിച്ചുവരവിന് തുടക്കമിട്ടത്. പിറകെ ഗ്രീനും (47) പുറത്തായി. വിക്കറ്റ് വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു. വാലറ്റക്കാര്‍ പക്ഷേ വിടാനുള്ള ഭാവത്തിലായിരുന്നില്ല. പാറ്റ് കമ്മിന്‍സിനെ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയ ശേഷം മിച്ചല്‍ സ്റ്റാര്‍ക്കും നതാന്‍ ലിയോണും അടി തുടങ്ങി. ലിയോണ്‍ പിടി നല്‍കാതെ നാല് ബൗണ്ടറികള്‍ പായിച്ചു. അവസാനം സുന്ദറിന്റെ സ്പിന്നില്‍ ഓസ്‌ട്രേലിയക്കായി നൂറാം മല്‍സരം കളിക്കുന്ന സ്പിന്നര്‍ പുറത്താവുമ്പോള്‍ വ്യക്തിഗത സമ്പാദ്യം 24 ല്‍ എത്തിയിരുന്നു. അവസാന ബാറ്റ്‌സ്മാന്‍ ജോഷ് ഹേസില്‍വുഡും വിടാനുള്ള ഭാവത്തിലായിരുന്നില്ല. അദ്ദേഹവും പായിച്ചു രണ്ട് ബൗണ്ടറികള്‍. ഒടുവില്‍ നടരാജന്‍ തന്റെ കന്നി ടെസ്റ്റിലെ മൂന്നാം വിക്കറ്റ് സ്വന്തമാക്കിയാണ് ഓസീസ് ഇന്നിംഗ്‌സിന് അന്ത്യമിട്ടത്.

ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്
വാര്‍ണര്‍-സി-രോഹിത്-ബി-സിറാജ്-1, ഹാരിസ്-സി-സുന്ദര്‍-ബി-ഠാക്കൂര്‍-5, ലബുഷാനേ -സി-പന്ത്-ബി- നടരാജന്‍-108, സ്മിത്ത്-സി-രോഹിത്-ബി-സുന്ദര്‍-36, വെയിഡെ-സി-ഠാക്കൂര്‍-ബി-നടരാജന്‍-45, ഗ്രീന്‍–ബി-സുന്ദര്‍-47, പെയിനെ-സി-രോഹിത്-ബി-ഠാക്കൂര്‍-50, കമിന്‍സ്-എല്‍.ബി.ഡബ്ല്യു-ബി-ഠാക്കൂര്‍-2, സ്റ്റാര്‍ക്-നോട്ടൗട്ട്-20, ലിയോണ്‍-ബി-സുന്ദര്‍-24, ഹേസില്‍വുഡ്-ബി-നടരാജന്‍-11 എക്‌സ്ട്രാസ് 20, ആകെ 115.2 ഓവറില്‍ 369. വിക്കറ്റ് വീഴ്ച്ച: 1-4, 2-17, 3-87, 4-200, 5-213, 6-311, 7-313, 8-315, 9-354, 10-369 ബൗളിംഗ്: സിറാജ് 28-10-77-1, നടരാജന്‍ 24.2-3-78-3, ഠാക്കൂര്‍ 24-6-94-3, സെയ്‌നി 7.5-2-21-0, സുന്ദര്‍ 31-6-89-3, രോഹിത് 0.1-0-1-0
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്
രോഹിത്-സി-സ്റ്റാര്‍ക്-ബി-ലിയോണ്‍-44, ഗില്‍-സി-സ്മിത്ത്-ബി-കമിന്‍സ്-7, പുജാര-നോട്ടൗട്ട്-8, രഹാനേ-നോട്ടൗട്ട്-2, എക്‌സ്ട്രാസ്-1. ആകെ 26 ഓവറില്‍ 2 ന് 62. വിക്കറ്റ് വീഴ്ച്ച: 1-11, 2-60. ബൗളിംഗ്: സ്റ്റാര്‍ക് 3-1-8-0, ഹേസില്‍വുഡ് 8-4-11-0, കമിന്‍സ് 6-1-22-1, ഗ്രീന്‍ 3-0-11-0, ലിയോണ്‍ 6-2-10-1