ഗാബ ഓപ്പണ്‍: ഇന്ത്യ ജയിക്കാം, സമനില നേടാം, പരാജയപ്പെടാം

ബ്രിസ്‌ബെന്‍: ഇന്ത്യ ഇന്ന് ജയിക്കാന്‍ കളിക്കുമോ…? സമനിലക്കായി കളിക്കുമോ…? ചോദ്യത്തിനുത്തരം ടീം മാനേജ്‌മെന്റിന്റേതാണ്… ഗാബയില്‍ ഒരു മുഴുദിവസമുണ്ട്. 324 റണ്‍സെടുത്താല്‍ വിജയിക്കാം. കാലാവസ്ഥ വില്ലനായി മുന്നില്‍ നില്‍ക്കുമ്പോള്‍ സുരക്ഷതിമായ തീരുമാനമായിരിക്കും കോച്് രവിശാസ്ത്രി, നായകന്‍ അജിങ്ക്യ രഹാനേ, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരടങ്ങുന്ന ടീം മാനേജ്‌മെന്റ് സ്വീകരിക്കുക.സമനിലക്കായി കളിച്ചാല്‍ ഇന്ത്യക്ക് പരമ്പര നിലനിര്‍ത്താം. ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി കൈമാറേണ്ടതില്ല. ഓസ്‌ട്രേലിയക്ക് പക്ഷേ ജയിച്ചേ പറ്റു. പരമ്പര സ്വന്തമാക്കാന്‍ അവര്‍ക്ക് മുന്നില്‍ മറ്റ് മാര്ഗ്ഗങ്ങളില്ല. പേസ് കരുത്തില്‍ ഇന്ത്യയെ വിറപ്പിക്കാം എന്നാണ് ആതിഥേയരുടെ വിശ്വാസം. പക്ഷേ രോഹിത് ശര്‍മ, റിഷാഭ് പന്ത് എന്നിവരെ അവര്‍ പേടിക്കുന്നുണ്ട്. ഇവര്‍ രണ്ട് പേരും അതിവേഗം സ്‌ക്കോര്‍ ചെയ്യുന്നവരാണ്. സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ അവസാന ദിനത്തില്‍ പന്തിന്റെ ബാറ്റിംഗ് കണ്ട് ഓസ്‌ട്രേലിയക്കാര്‍ ഒരു വേള ഭയപ്പെട്ടിരുന്നു. അദ്ദേഹം പുറത്തായിരുന്നില്ലെങ്കില്‍ എസ്.സി.ജിയില്‍ ഇന്ത്യ വിസ്മയം വിജയവും സ്വന്തമാക്കുമായിരുന്നു. നല്ല ഫോമില്‍ തുടരുന്ന രോഹിതും വേഗതയില്‍ ശക്തനാണ്. ഇന്ന് തുടക്കത്തില്‍ തന്നെ രോഹിതിനെ നഷ്ടമായാല്‍ ഇന്ത്യ ഒരു സാഹചര്യത്തിലും വിജയത്തെക്കുറിച്ച് ചിന്തിക്കില്ല. മികച്ച വാലറ്റം ഇന്ത്യന്‍ കരുത്തായി നില്‍ക്കുമ്പോള്‍ ഓസ്‌ട്രേലിയക്കാരിലാണ് വലിയ സമ്മര്‍ദ്ദം.
ഇന്നലെ നാലാം ദിവസം ഓസീസ് രണ്ടാം ഇന്നിംഗ്‌സ് 294 ല്‍ അവസാനിപ്പിച്ച പേസര്‍ മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് വലിയ പ്രതീക്ഷ സമ്മാനിച്ചത്. സീനിയര്‍ സീമര്‍മാരെല്ലാം പരുക്കില്‍ തളര്‍ന്ന് പുറത്തായപ്പോള്‍ ഗാബയിലെ ഇന്ത്യയുടെ സീനിയര്‍ സീമറായി മാറിയ സിറാജ് 73 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ശ്രാദ്ധൂല്‍ ഠാക്കൂര്‍ 61 റണ്‍സിന് നാല് പേരെയും പുറത്താക്കി. 55 റണ്‍സ് നേടിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഓസീ ഇന്നിംഗ്‌സിലെ ടോപ് സ്‌ക്കോറര്‍. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് പോവാതെ നാല് റണ്‍സിലെത്തി നില്‍ക്കുമ്പോള്‍ മഴ കളി തടസ്സപ്പെടുത്തി. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
1988ന് ശേഷം ഗാബയില്‍ ഓസീസ് തോറ്റിട്ടില്ല. അന്ന് വിന്‍ഡീസിന് മുന്നില്‍ ഒമ്പത് വിക്കറ്റിന് തകര്‍ന്ന ശേഷം വിജയങ്ങള്‍ മാത്രമാണ് ഈ വേദിയില്‍ ആതിഥേയരുടെ സമ്പാദ്യം. ഈ മൈതാനത്ത് ഏറ്റവും വിജയകരമായ നാലാം ഇന്നിംഗ്‌സ് ചേസ് 1951 ലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്ന് വിന്‍ഡീസിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കാര്‍ 236 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയകരമായി പിന്നിട്ടത്.

ഠാക്കൂര്‍-ഇന്ത്യ തേടുന്ന
ഓള്‍റൗണ്ടര്‍

ബ്രിസ്‌ബെന്‍: രവിന്ദ്ര ജഡേജ പരുക്കില്‍ പുറത്തായപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനേയുടെ വലിയ നിരാശ വിശ്വസ്തനായി കളിക്കുന്ന ഒരു ഓള്‍റൗണ്ടറെ നഷ്ടമായതായിരുന്നു. ജഡേജ ഇന്ത്യന്‍ സംഘത്തിലെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടറായിരുന്നെങ്കില്‍ ഈ സ്ഥാനത്ത് ഒരു പേസ് ഓള്‍റൗണ്ടറെ തേടുകയയിരുന്നു ഇന്ത്യ. ഇര്‍ഫാന്‍ പത്താന് എന്ന് ശക്തനായ ഓള്‍റൗണ്ടര്‍ക്ക് ശേഷം വേഗതയില്‍ പന്തെറിയുകയും ഒപ്പം ശരാശരി ബാറ്റിംഗും നടത്തുന്ന ഒരാള്‍ ടീമില്‍ ഉണ്ടായിരുന്നില്ല. ഇര്‍ഫാന്റെ കുറവ് നികത്തുകയാണിപ്പോല്‍ ശ്രാദ്ധൂല്‍ ഠാക്കൂര്‍.