സ്വര്‍ണക്കടത്ത്: സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം: മുഖ്യമന്ത്രി അധോലോക നായകനോ?

വാക്‌പോര്, ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്തു കേസിന്റെ വിശദാംശങ്ങള്‍ പ്രതിപക്ഷം സഭയില്‍ നിരത്തിയതിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി തന്നെ രംഗത്തിറങ്ങിയതോടെ രൂക്ഷമായ വാക്‌പോരിന് സഭ സാക്ഷിയായി. വാക്‌പോരിനൊടുവില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയത്. എം.ശിവശങ്കറന്റെ കുറ്റകൃത്യങ്ങളിലെല്ലാം ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് അടിയന്തര പ്രമേയത്തിനു അവതരണാനുമതി തേടിക്കൊണ്ട് പി.ടി.തോമസ് ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന് കത്തെഴുതിയപ്പോള്‍ മുഖ്യമന്ത്രി ഇത്രയും കരുതിയില്ല. കേന്ദ്രസംഘത്തിന്റെ പടതന്നെ കേരളത്തിലേക്ക് വന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടിപ്പോയി. ശിവശങ്കറിന്റെ ചെയ്തികളില്‍ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. സ്വപ്‌നയോടൊപ്പം ശിവശങ്കര്‍ വിദേശയാത്ര നടത്തിയപ്പോള്‍ അത് ചോദ്യം ചെയ്യാനുള്ള ഉളുപ്പ് മുഖ്യമന്ത്രിക്ക് ഇല്ലായിരുന്നോയെന്നും പി.ടി. തോമസ് ചോദിച്ചു.
പി.ടി തോമസിന്റെ ചോദ്യങ്ങളോട് ക്ഷോഭത്തോടെ പ്രതികരിച്ച മുഖ്യമന്ത്രി, വസ്തുതാപരമായ മറുപടി പറയാന്‍ തയ്യാറാകുന്നതിന് പകരം ഭീഷണിയുടെ സ്വരമാണ് പുറത്തെടുത്തത്. പി.ടി തോമസിന് പിണറായി വിജയനെ മനസിലായിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, കേന്ദ്ര ഏജന്‍സികള്‍ കൈകാര്യം ചെയ്യുന്ന വിഷയം രാഷ്ട്രീയമാക്കി മാറ്റിയെന്ന് കുറ്റപ്പെടുത്തി. സ്വര്‍ണക്കടത്തിന്റെ അടിവേര് കണ്ടെത്തണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ എം. ശിവശങ്കറിനെതിരെ നടപടിയെടുത്തു. സി.എം രവീന്ദ്രന്‍ കുറ്റം ചെയ്‌തെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, ക്ലിഫ് ഹൗസില്‍ നടന്ന മകളുടെ കല്യാണത്തിന് സ്വപ്‌ന വന്നിട്ടില്ലെന്നും വീട്ടുകാരെ ഒരു കേന്ദ്ര ഏജന്‍സിയും ചോദ്യം ചെയ്തിട്ടില്ലെന്നും അവകാശപ്പെട്ടു.
ചെകുത്താന്‍ വേദമോതുന്നതുപോലയാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും സ്വന്തം ഓഫീസ് നിയന്ത്രിക്കാന്‍ കഴിയാത്ത ആള്‍ക്ക് സംസ്ഥാനത്തെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്നും സഭവിട്ടിറങ്ങുന്നതിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. സഹപ്രവര്‍ത്തകരുടെ കൈകള്‍ ശുദ്ധമാണോ എന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് വാക്കൗട്ടിന് മുമ്പ് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.