അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അബുദാബി ആരോഗ്യ വകുപ്പ് അധികൃതര്‍ വിതരണം ചെയ്ത കോവിഡ് 19 വാക്സിന് സ്വീകരിക്കാന്‍ ജനം ഒഴുകിയെത്തി.
രാവിലെ ഒമ്പതിനാരംഭിച്ച് രാത്രി ഒമ്പത് മണി വരെ നീണ്ടുനിന്ന വാക്സിന് വിതരണത്തില്‍ 4,127 പേര് വാക്സിന് സ്വീകരിച്ചു. പിസിആര്‍ ടെസ്റ്റും ഏര്‍പ്പെടുത്തിയത് ജനങ്ങള്‍ക്ക് അനുഗ്രഹമായി.
വാക്സിന് സ്വീകരിക്കാന്‍ എട്ട് മണിക്ക് മുന്‍പ് തന്നെ ആളുകളെത്തി ക്യൂവില്‍ നിന്നു. നടപടിക്രമങ്ങള്‍ ആരംഭിച്ച് നിമിഷ നേരം കൊണ്ടാണ് വാക്സിന് വിതരണം പൂര്‍ത്തിയാക്കിയത്.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ വിശാലമായ ഹാളില്‍ നടന്ന വാക്സിന് വിതരണത്തിന് 18 കൗണ്ടറുകളാണ് ഏര്‍പ്പെടുത്തിയത്. ആരോഗ്യ വകുപ്പിലെ 30ലേറെ പ്രവര്‍ത്തകര്‍ വാക്സിന് കുത്തിയ്പിനും 50ഓളം പേര് പിസിആര്‍ ടെസ്റ്റ് ചെയ്യാനും ഉണ്ടായിരുന്നു.
4,000ത്തിലേറെ പേര്‍ക്ക് 12 മണിക്കൂറിനകം ലളിതമായ പ്രക്രിയയിലൂടെ വാക്സിന് കുത്തിവയ്പ് നല്‍കാനും പിസിആര്‍ ടെസ്റ്റ് ചെയ്യാനും വിപുലമായ സൗകര്യം ഇസ്ലാമിക് സെന്റര്‍ ഏര്‍പ്പെടുത്തിയത് അധികൃതരുടെയും ദേശ-ഭാഷാ വ്യത്യാസമില്ലാതെ എത്തിയവരുടെയും പ്രശംസ പിടിച്ചുപറ്റി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി കെഎംസിസി, അബുദാബി സുന്നി സെന്റര്‍ നേതാക്കളും പ്രവര്‍ത്തകരും യുഎഇയുടെ അംഗീകൃത വാക്സിന് വിതരണം സ്വീകരിക്കാന്‍ എത്തിയവര്‍ക്ക് സഹായവുമായി വൈകുവോളം കര്‍മ രംഗത്തുണ്ടായിരുന്നു.