ഉല്‍പന്ന-സേവനങ്ങള്‍: ഇന്ത്യന്‍-യുഎഇ കമ്പനികള്‍ തമ്മില്‍ ധാരണയായി

ഇന്ത്യാ-യുഎഇ കമ്പനിയധികൃതര്‍ ധാരണയില്‍ ഒപ്പിട്ടപ്പോള്‍

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ ആഗോള ബിസിനസ് കമ്പനിയായ ഡാര്‍വിന്‍ പ്‌ളാറ്റ്‌ഫോം ഗ്രൂപ് ഓഫ് കമ്പനീസ് (ഡിപിജിസി), എആര്‍ജെ ഹോള്‍ഡിംഗ്‌സ്, വെസ്റ്റ്‌ഫോര്‍ഡ് എജ്യുകേഷന്‍ ഗ്രൂപ്, ജാന്‍ ബ്രോസ് എന്നിവയുമായി ധാരാണാപത്രം ഒപ്പിട്ടു. വിവിധ ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്ത്യയില്‍ കൊണ്ടുവരാനും വിപണനം ചെയ്യാനുമാണ് ധാരണയെന്ന് ഡിപിജിസി തലവന്‍ ഫര്‍ഹാന്‍ അഹമ്മദ് ദാമുദി പറഞ്ഞു. യുഎഇയിലെ മാനുഫാക്ചറിംഗ്, റീടെയില്‍, വിദ്യാഭ്യാസം, അവിട്രോണിക്‌സ്, അടിസ്ഥാന സൗകര്യങ്ങള്‍, എനര്‍ജി, ഓയില്‍, ഗ്യാസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളിലെ നിക്ഷേപ പദ്ധതികളും പങ്കാളിത്തവും ഉറപ്പാക്കും.
എആര്‍ജെ ഹോള്‍ഡിംഗ്‌സുമായി നിരവധി മേഖലകളില്‍ കൈ കോര്‍ക്കും. ജാന്‍ ബ്രോസിന്റെ സഹകരണത്തോടെ 100 കോടി രൂപയുടെ നിര്‍മാണ യൂണിറ്റും നിക്ഷേപ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. വെസ്റ്റ്‌ഫോര്‍ഡ് എജ്യുകേഷന്‍ ഗ്രൂപ്പുമായുള്ള പങ്കാളിത്തം ഇന്ത്യയില്‍ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയുടെ (യുകെ) ഒരു കാമ്പസ് സ്ഥാപിക്കുമെന്നും ഫര്‍ഹാന്‍ അഹമ്മദ് ദാമുദി വ്യക്തമാക്കി.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 6,000 കോടി ഡോളറില്‍ നിന്നും 10,000 കോടി ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യയും യുഎഇയും ലക്ഷ്യമിടുന്നതില്‍ തങ്ങളുടെ പങ്കാളിത്തമുണ്ടാകുമെന്ന് ഡിജിപിസി ഡയറക്ടര്‍ വിജയ് സിംഗ് സൂചിപ്പിച്ചു. ഡിപിജിസിയുടെ മൊത്തം മൂല്യം ഏകദേശം 60 ലക്ഷം യുഎസ് ഡോളറാണ്. കൂടാതെ, 21 അനുബന്ധ കമ്പനികളുമുണ്ട്.