ഇന്ത്യന്‍ നഴ്‌സുമാരുടെ തൊഴില്‍ പ്രശ്‌നം: യുഎഇ അധികൃതരുമായി സംസാരിച്ചെന്ന് മന്ത്രി മുരളീധരന്‍

28
ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ സംബന്ധിച്ചപ്പോള്‍. കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി സമീപം

ദുബൈ: യുഎഇയിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ തത്തുല്യ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌ന പരിഹാരത്തിനായി യുഎഇ അധികൃതരുമായി സംസാരിച്ചുവെന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍ പറഞ്ഞു. യുഎഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍നഹ്‌യാന്‍, യുഎഇ വിദേശ കാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അഹ്മദ് സഈദ് എന്നിവരുമായി ഇതുസംബന്ധമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ത്രിദിന സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ മന്ത്രി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കോവിഡ് 19 ബാധിച്ചു മരിച്ച ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് സഹായം നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പ്രവാസി വോട്ടവകാശം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്. ആ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്യും. കഴിഞ്ഞ ദിവസം ദുബൈയിലെ പ്രവാസി സഹായതാ കേന്ദ്രത്തിന് കീഴില്‍ തൊഴിലാളി പരിശീലന-നൈപുണ്യ കേന്ദ്രം ആരംഭിച്ചത് നാഴികക്കല്ലാണെന്ന് പറഞ്ഞ മന്ത്രി, പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി. കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍പുരി, പ്രസ്സ്-ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ നീരജ് അഗ്രവാള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
നേരത്തെ, സംഘടനാ സാരഥികളുമായി കോണ്‍സുലേറ്റില്‍ മന്ത്രി സംവദിച്ചു. കെഎംസിസി അടക്കമുള്ള വിവിധ സംഘടനകള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ സ്വീകരിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ദുബൈ കെഎംസിസി ആക്ടിംഗ് ജന.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാമുദ്ദീന്‍ കൊല്ലം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ റഹീം, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ അഷ്‌റഫ് താമരശ്ശേരി, ഗിരീഷ് പന്ത് തുടങ്ങിയ ഒട്ടേറെ സംഘടനാ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും സംബന്ധിച്ചു.