ജര്‍മനിയില്‍ മെര്‍ക്കല്‍ യുഗം അവസാനിക്കുന്നു

3
അര്‍മിന്‍ ലഷെ

ബെര്‍ലിന്‍: ജര്‍മനിയില്‍ ഭരണകക്ഷിയായ ക്രിസറ്റിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സി.ഡി.യു) നേതാവായി അര്‍മിന്‍ ലഷെ തെരഞ്ഞെടുക്കപ്പെട്ടു. ആയിരത്തിലേറെ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പിന്‍ഗാമിയെ കണ്ടെത്തിയത്.
2005 മുതല്‍ ജര്‍മനിയുടെ ഭരണ തലപ്പത്തിരിക്കുന്ന മെര്‍ക്കല്‍ വീണ്ടും മത്സരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവായി വളര്‍ന്ന അവരുടെ കാലാവധി സെപ്തംബറില്‍ അവസാനിക്കുകയാണ്. സി.ഡി.യുവിന്റെ പരമ്പരാഗത രീതിപ്രകാരം പാര്‍ട്ടി നേതാവ് തന്നെയാണ് ചാന്‍സലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാറുള്ളത്. അര്‍മിന്‍ ലഷെക്ക്് പുറമെ ഫ്രെഡറിക് മെര്‍സ്, നോര്‍ബെര്‍ട് റോട്ഗന്‍ എന്നിവരുടെ പേരുകളും പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു. ഇവരില്‍ രണ്ടുപേര്‍ മെര്‍ക്കലിന്റെ നിലപാടുകളോട് വിയോജിപ്പുള്ളവരാണ്. റഷ്യയോടും ചൈനയോടും കടുത്ത നിലപാട് സ്വീകരിക്കണമെന്ന അഭിപ്രായക്കാരനാണ് റോട്ഗന്‍. പുതിയ നേതൃത്വത്തിനു കീഴില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുമെന്ന് മെര്‍ക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. മെര്‍ക്കലിന്റെ അനുഭാവിയാണ് ലഷെ. ചാന്‍സലറാകാനുള്ള നേതൃഗുണം അദ്ദേഹത്തിനുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.