കോവിഡ് 19: ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് പഠിക്കുന്നു: മന്ത്രി വി.മുരളീധരന്‍

ദുബൈ: കോവിഡ് 19 കാരണം വിസാ കാലാവധി കഴിഞ്ഞതിനാലും ജോലി നഷ്ടപ്പെട്ടതിനാലും ബുദ്ധിമുട്ടുന്ന ആയിരക്കണക്കിന് പ്രവാസികളുടെ അവസ്ഥ സര്‍ക്കാറിന് അറിയാമെന്നും അവരെ സഹായിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് പഠിക്കുകയാണെന്നും കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി.മുരളീധരന്‍. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവിധ സംഘടനാ പ്രതിനിധികളുമായി സംവദിക്കവേ, യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്റെ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് 19 കാരണം വിസാ കാലാവധി കഴിഞ്ഞതിനാലും ജോലി നഷ്ടപ്പെട്ടതിനാലും ബുദ്ധിമുട്ടുന്നവരെ സഹായിക്കാന്‍ എന്തെങ്കിലും പദ്ധതിയുണ്ടോയെന്നും, ഇത്തരത്തിലുള്ള നിരവധി പേര്‍ നാട്ടിലേക്ക് തിരിച്ചു പോകാനാവാത്ത അവസ്ഥയില്‍ ദുരിതത്തിലാണെന്നുമായിരുന്നു പുത്തൂര്‍ ഉന്നയിച്ചത്. പ്രവാസ ലോകത്തെ ഇന്ത്യന്‍ സമൂഹം വളരെ വിപുലമായതാണ്. അതിനാല്‍ തന്നെ, ഇത്തരം പ്രശ്‌നങ്ങളിലെ ഇരകളുടെ എണ്ണവും വലുതാണ്. എങ്കിലും, പ്രവാസി സമൂഹത്തോട് ചേര്‍ന്നു നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ അനുഭാവപൂര്‍ണമായ സമീപനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രവാസി ഭാരതീയ അവാര്‍ഡ് നല്‍കുന്നതിലെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും, മിക്ക അവാര്‍ഡ് ജേതാക്കളും ബിസിനസുകാരാണെന്ന് മനസ്സിലായതിനാല്‍ സാമൂഹിക പ്രതിബദ്ധത, സാമൂഹിക സേവനം എന്നിവക്കാണോ, അതല്ല ബിസിനസ് വിജയത്തിന് മാത്രമാണോ ഇന്ത്യന്‍ സര്‍ക്കാര്‍ മൂല്യം കല്‍പ്പിക്കുന്നത് എന്നും അറിയാന്‍ ആഗ്രഹമുണ്ടെന്നും പുത്തൂര്‍ മന്ത്രിയോട് ചോദിച്ചു. അതുസംബന്ധിച്ച് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് പുത്തൂര്‍ റഹ്മാന്റെ നേതൃത്വത്തില്‍ കെഎംസിസി മന്ത്രിക്ക് നിവേദനവും നല്‍കി. ദുബൈ കെഎംസിസി ആക്ടിംഗ് ജന.സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറിമാരായ അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാമുദ്ദീന്‍ കൊല്ലം എന്നിവരും നിവേദനം നല്‍കുന്ന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.