ജോ റൂട്ട് 228

ഡബിള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഹെല്‍മറ്റില്‍ മുത്തമിടുന്ന ജോ റൂട്ട്

ഗാലി: ക്രീസില്‍ ചെലവഴിച്ചത് 476 മിനുട്ട്. അഭിമുഖീകരിച്ചത് 321 പന്തുകള്‍. പായിച്ചത് 18 ബൗണ്ടറികളും ഒരു കൂറ്റന്‍ സിക്‌സറും. ആകെ സമ്പാദ്യം 228. ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ടിന്റെ മികവാണ് മുകളില്‍ പറഞ്ഞത്. സ്പിന്നിനെ തുണക്കുന്ന ട്രാക്കില്‍ നായകന്‍ അരങ്ങ് തകര്‍ത്തപ്പോള്‍ സന്ദര്‍ശകര്‍ സ്വന്തമാക്കിയ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോര് 421. ആദ്യ ഇന്നിംഗ്‌സില്‍ 135 റണ്‍സിന് പുറത്തായ ലങ്കക്കാര്‍ പക്ഷേ രണ്ടാം ഇന്നിംഗ്‌സില്‍ പൊരുതലിന്റെ സൂചന നല്‍കുന്നു. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവരുടെ സമ്പാദ്യം രണ്ട് വിക്കറ്റിന് 156 റണ്‍സ്. ഇംഗ്ലീഷ് ഇന്നിംഗ്‌സില്‍ റൂട്ടിനെ മാറ്റിനിര്‍ത്തിയാല്‍ കാര്യമായ സംഭാവന 73 റണ്‍സ് നേടിയ കന്നിക്കാരന്‍ ഡാന്‍ ലോറന്‍സിന്റേയരുന്നു. ലങ്കക്കായി സ്പിന്നര്‍ ദില്‍റുവാന്‍ പെരേര 109 റണ്‍സിന് നാല് വിക്കറ്റ് നേടി. വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ലങ്കക്കാര്‍ രണ്ടാം ഇന്നിംഗ്‌സ് അതീവ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ കുശാല്‍ പെരേരയും ലാഹിരു തിരിമാനയും സെഞ്ച്വറി സഖ്യമുണ്ടാക്കി. 101 ലാണ് ഈ സഖ്യം തകര്‍ന്നത്. 76 റണ്‍സുമായി ലാഹിരു ഇപ്പോഴും ബാറ്റ് ചെയ്യുമ്പോള്‍ 62 റണ്‍സ് നേടിയ കുശാല്‍ പെരേരയാണ് പുറത്തായത്.