മാതാപിതാക്കള്‍ക്ക് ജീവിത കാലത്തും മരണാനന്തരവും ഗുണം ചെയ്യണം

മന്‍സൂര്‍ ഹുദവി കളനാട്
മനുഷ്യന്‍ ജീവിത കാലത്ത് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന ജനം മാതാപിതാക്കളാണ്. അവരോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അനുശാസിക്കുന്ന ഇസ്‌ലാം മതം അവരോടുള്ള നന്മയാണ് അതിശ്രേഷ്ഠമെന്ന് പഠിപ്പിക്കുന്നു. നബി (സ്വ) പറയുന്നു: ഉറക്കത്തില്‍ ഞാനൊരു സ്വപ്നം കണ്ടു. ഞാന്‍ സ്വര്‍ഗത്തിലാണ്. ഒരാള്‍ അതിസുന്ദരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ആരാണ് അയാള്‍? അവിടെയുള്ളവര്‍ പറഞ്ഞു: അത് ഹാരിസതു ബ്‌നുല്‍ നുഅ്മാന്‍ ആണ്. ‘അങ്ങനെയായിരിക്കും നന്മയുള്ളവര്‍’ എന്ന് നബി (സ്വ) രണ്ടു പ്രാവശ്യം പറഞ്ഞു. ഹാരിസത് (റ) മാതാവിന് ഏറെ ഗുണം ചെയ്യുന്ന മഹാനായിരുന്നു (ഹദീസ് അഹ്മദ് 25337). മാതാവിന്റെ കൂടെ ഇരിക്കും. ഭക്ഷണം വായിലിട്ടു കൊടുക്കും. മാതാവ് പറയുന്നത് സശ്രദ്ധം കേള്‍ക്കും. ഇടക്ക് സംസാരിക്കില്ല. ജീവിത കാലത്ത് ഇങ്ങനെയൊക്കെയുള്ള നന്മകള്‍ ചെയ്ത് മാതാവിനോട് നന്നായി വര്‍ത്തിച്ചത് കൊണ്ടാണ് അദ്ദേഹം സ്വര്‍ഗത്തില്‍ ആ പദവി കരഗതമാക്കിയത്.
മാതാപിതാക്കളോടൊപ്പം ഇരുന്ന് സംസാരിക്കലും അവരുടെ കാര്യങ്ങള്‍ കേള്‍ക്കലും അവരെ പരിഗണിക്കലും ആ വാക്കുകള്‍ ഗൗനിക്കലുമെല്ലാം അവരോട് ചെയ്യുന്ന നന്മകളാണ്. ഒരിക്കല്‍ ഒരാള്‍ ഹസന്‍ ബസ്വരി(റ)യോട് പറയുകയുണ്ടായി: എന്റെ ഉമ്മ രാത്രി ഭക്ഷണം എന്നോടൊപ്പം കഴിക്കാന്‍ കാത്തിരിക്കും. ഹസന്‍ ബസ്വരി (റ) പറഞ്ഞു: നീ ഉമ്മയോടൊപ്പം ഭക്ഷണം കഴിക്കണം. ഉമ്മക്ക് കണ്‍കുളിര്‍മയേകിക്കൊണ്ട് അവരോടൊപ്പം ഭക്ഷണം കഴിക്കാനുള്ള ഇരുത്തമാണ് സുന്നത്തായി ചെയ്യുന്ന ഹജ്ജ് കര്‍മത്തെക്കാള്‍ എനിക്കിഷ്ടം.
നല്ല മക്കള്‍ മാതാപിതാക്കളെ നല്ലവണ്ണം പരിഗണിക്കും. അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കും. പരിചരിക്കും. ശുശ്രൂഷിക്കും. ഐഹിക ലോകത്ത് മാതാപിതാക്കളുമായി നന്നായി വര്‍ത്തിക്കാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത് (സൂറത്തു ലുഖ്മാന്‍ 15). പ്രവാസ ലോകത്താണെങ്കിലും മാതാപിതാക്കളോട് ബന്ധം പുലര്‍ത്താനും നന്നായി വര്‍ത്തിക്കാനും ഈ ഇലക്‌ട്രോണിക് യുഗത്തില്‍ കുറെ സംവിധാനങ്ങളുണ്ട്. കണ്ടും കേട്ടും അവരോട് സംവദിക്കാനാകും. അതവര്‍ക്ക് സന്തോഷവും ആത്മബലുവുമേകും. അവരോട് സംസാരിക്കുമ്പോള്‍ ശബ്ദമുയര്‍ത്തരുത്. ഓരോ വാക്കിലും നോക്കിലും ബഹുമാനം സ്ഫുരിക്കണം. ശബ്ദം താഴ്ത്തി വിനയാന്വിതമായി വാക്കു പറയണം. ആദരപൂര്‍ണമായ വാക്കുകള്‍ പറയുകയും കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ അവരിരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ഇങ്ങനെ പ്രാര്‍ത്ഥിക്കുകയും വേണം: രക്ഷിതാവേ, ഇവരിരുവരും എന്നെ ചെറുപ്പത്തില്‍ പോറ്റി വളര്‍ത്തിയത് പോലെ ഇവര്‍ക്ക് നീ കാരുണ്യം ചൊരിയേണമേ (സൂറത്തുല്‍ ഇസ്‌റാഅ് 23, 24).
മാതാപിതാക്കളുടെ മരണ ശേഷവും അവര്‍ക്ക് ഗുണം ചെയ്യാനാകും. അതാണ് അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും പൊറുക്കലിനെ തേടലും. അവരുടെ പരലോക സുഖത്തിനായി പ്രാര്‍ത്ഥിക്കണം. പാപമോചനം തേടണം. മേല്‍ സൂചിപ്പിച്ച പ്രകാരം സൂറത്തുല്‍ ഇസ്‌റാഅ് 24-ാം സൂക്തത്തിലുള്ള മാതാപിക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ കല്‍പന അക്കാര്യമാണ് സ്പഷ്ടമാക്കുന്നത്. ആ പ്രാര്‍ത്ഥനകള്‍ അവരുടെ പരലോക സ്ഥാനം ഉയരാന്‍ ഹേതുവാകും. നബി (സ്വ) പറയുന്നു: സ്വര്‍ഗ ലോകത്ത് വെച്ച് ഒരാളുടെ പദവി ഉയരുന്നു. അപ്പോള്‍ അയാള്‍ ചോദിച്ചു: എങ്ങനെയാണ് ഈ സ്ഥാന ലബ്ധി? അപ്പോള്‍ പറഞ്ഞു: താങ്കളുടെ മക്കള്‍ താങ്കള്‍ക്ക് വേണ്ടി പാപമോചനം തേടി പ്രാര്‍ത്ഥിച്ചത് കാരണത്താലാണ് (ഹദീസ് ഇബ്‌നു മാജ 3660, അഹ്മദ് 10890).
——————-