വിവാഹത്തട്ടിപ്പ്: പഴയങ്ങാടിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ശ്രീജന്‍ മാത്യു

കണ്ണൂര്‍: വിവിധ സ്ഥലങ്ങളില്‍ പല പേരുകളിലായി സ്ത്രീകളെ പ്രലോഭിപ്പിച്ച് കല്ല്യാണത്തട്ടിപ്പ് നടത്തുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍. അലിയാസ് എന്ന് വിളിക്കുന്ന എറണാകുളം പറവൂര്‍ സ്വദേശി ശ്രീജന്‍ മാത്യു (56)നെയാണ് പഴയങ്ങാടി എസ്‌ഐ ഇ ജയചന്ദ്രന്‍ കണ്ണൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ പഴയങ്ങാടി കൊളവയല്‍ സ്വദേശിയായ യുവതിയോടൊപ്പം നിയമപരമായി വിവാഹം കഴിക്കാതെ താമസിക്കുകയായിരുന്നു. ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ വിവാഹത്തട്ടിപ്പ് നടത്തുന്നത്. ഉന്നത ബിരുദമുണ്ടെന്നും ലോക്കോ പൈലറ്റ് തസ്തികയില്‍ ജോലി ചെയ്ത് വരികയാണെന്നും കാണിച്ചാണ് വിവാഹബ്യൂറോകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പഴയങ്ങാടിയിലെ ഒരു വിവാഹ ബ്യൂറോയിലെത്തി ലോക്കോ പൈലറ്റായി ജോലി ചെയ്യുന്ന രാജീവന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവിടുന്ന് അമ്പതുകാരിയായ വെങ്ങര സ്വദേശിനിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട ഇയാള്‍ കൊളവയലിലെ സ്ത്രീയുമായി അകലുകയും വിവാഹ വാഗ്ദാനം നല്‍കി വെങ്ങര സ്വദേശിനിയെ പയ്യന്നൂര്‍ ടൗണിലെ ലോഡ്ജിലും കണ്ണൂരിലെ ലോഡ്ജിലും പിന്നീട് ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, കന്യാകുമാരി, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മുങ്ങുകയുമായിരുന്നു. സ്ത്രീയുടെ ആഭരണങ്ങളും പണവും ഇയാള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. വെങ്ങര സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്ത പഴയങ്ങാടി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്‌ഐ ഇ ജയചന്ദ്രനും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.