
കൊണ്ടോട്ടി: കരിപ്പൂരിനെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും മാറ്റിയതുള്‍പ്പെടെയുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റി കരിപ്പൂര്‍ വിമാനത്താവളത്തിനു മുമ്പില്‍ നടത്തിയ ഉപവാസ സമരം അധികാരികള്‍ക്ക് താക്കീതായി. ഹജ്ജ് എംബാര്‍ക്കേഷന്‍ നിലനിര്‍ത്തുക, വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി നല്‍കുക, ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുക, കരിപ്പൂര്‍ വികസനം സാധ്യമാക്കുക, പ്രാദേശികര്‍ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം നടന്ന സമരം രാവിലെ 9.30 മുതല്‍ ആരംഭിച്ച് ഉച്ചവരെ നടന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തിന് സാക്ഷിയായി.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉപവാസം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. ഡല്‍ഹിയില്‍ നിലനില്പിനായി സമരം നടത്തുന്ന കര്‍ഷകരോടുള്ള ഐക്യ പരിപാടിക്ക് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നേതൃത്വം നല്കി. പ്രവാസി ലീഗ് കാമ്പയിന് ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. അഡ്വ: പി.എം.എ സലാം, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, ടി.വി. ഇബ്രാഹീം എം.എല്‍.എ, കാപ്പില്‍ മുഹമ്മദ് പാഷ, മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ സറീന ഹസീബ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.സി അബ്ദുറഹ്മാന്, കെ.പി. മുഹമ്മദ്് കുട്ടി, എം.എ ഖാദര്‍, വി.പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കൊണ്ടോട്ടി മുനിസിപ്പല്‍ ചെയര്പോഴ്സണ് സി.ടി. ഫാത്തിമത്ത് സുഹറ, പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഇമ്പിച്ചി മമ്മു ഹാജി, എം.എസ് അലവി, ടി.എച്ച് കുഞ്ഞാലി ഹാജി, ബക്കര്‍ ചെര്ന്നൂര്, കെ.എ ബഷീര്‍ പ്രസംഗിച്ചു. കെ.സി. അഹമ്മത്, ജലീല്‍ വലിയകത്ത്, പി.എം.കെ കാഞ്ഞിയൂര്‍, ഉമയനല്ലൂര്‍ ശിഹാബുദ്ധീന്‍, സലാം വളാഞ്ചേരി, എന്‍.പി. ഷംസുദ്ധീന്, എ.പി ഉമ്മര്‍, കാദര്‍ ഹാജി ചെങ്കള, ബഷീര്‍ തെക്കന്‍, സി.കെ അഷ്റഫലി, കെ.സി. കുഞ്ഞബ്ദുല്ല ഹാജി, സി. മുഹമ്മദലി, അഷ്റഫ് കൊച്ചാലുംവിള, നല്ലനാട് ഷാജഹാന്, സി.ടി അബ്ദു നാസര്‍, അബ്ദുല്ല മാതേരി, മൊയ്തീന്‍കോയ മായക്കര, പി.എം ബാവ, വി.അബ്ദുല്‍ ഹമീദ് പ്രസംഗിച്ചു. നിര്യാതനായ മുന്‍പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് എസ്.വി. അബ്ദുല്ലക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സമരം ആരംഭിച്ചത്.
ഹജ്ജ് കേന്ദ്രം നഷ്ടപ്പെടുത്തിയത്
സര്‍ക്കാരിന്റെ പിടിപ്പുകേട്: കുഞ്ഞാലിക്കുട്ടി
കൊണ്ടോട്ടി: കരിപ്പൂരിന് ഹജ്ജ് എംപാര്‍ക്കേഷന്‍ പോയന്റ് നഷ്ടപ്പെട്ടത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേരളത്തിന് ഹജ്ജ് വകുപ്പും ഹജ്ജ് മന്ത്രിയും ഉണ്ട്. പക്ഷെ ഫലപ്രദമായ ഇടപെടല്‍ നടക്കുന്നില്ല. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും ന്യായമായും ലഭിക്കേണ്ടതുമായ കരിപ്പൂരിനെ ഉള്‍പ്പെടുത്താന്‍ പോലും ശ്രമിച്ചില്ല. പ്രസ്താവന ഇറക്കാനും പത്രസമ്മേളനം നടത്താനും ആര്‍ക്കും കഴിയും. പക്ഷെ ആവശ്യങ്ങള്‍ പോരാടി വാങ്ങാന്‍ കഴിയണം. അതിനുള്ള കഴിവ് സംസ്ഥാന സര്‍ക്കാരിനില്ല. അദ്ദേഹം പറഞ്ഞു. കരിപ്പൂരില്‍ പ്രവാസിലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.