കര്‍ഷക സമരം നീണ്ടുപോകുന്നത് ജനാധിപത്യത്തിന് കളങ്കം: ഉമ്മന്‍ചാണ്ടി

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി കെ.പി.സി.സി നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച്‌

തിരുവനന്തപുരം: പരിഹാരം കാണാന്‍ കഴിയാതെ കര്‍ഷക സമരം നീണ്ടുപോകുന്നത് രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി. കര്‍ഷക ദ്രോഹ നിയമത്തിന് എതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് എ.ഐ.സി.സി നിര്‍ദേശപ്രകാരം കെ.പി.സി.സിയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ രാജ്യത്തിന്റെ ജീവനാഡിയാണ്. കാര്‍ഷിക രംഗത്തും ഭക്ഷ്യ സുരക്ഷയിലും സ്വയംപര്യാപ്തത വഹിക്കാന്‍ രാജ്യത്തെ സഹായിച്ചത് കര്‍ഷകരാണ്. അതിനാല്‍ അവരുടെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം. കര്‍ഷകര്‍ക്ക് അര്‍ഹമായ പരിഗണന കൊടുക്കുന്ന സമീപനമാണ് ഭരണാധികാരികളില്‍ നിന്നും ഉണ്ടാകേണ്ടത്. ജവാനെയും കര്‍ഷകനെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ നോക്കേണ്ട ബാധ്യത രാജ്യത്തിനുണ്ട്. രാജഭരണമല്ല ഇന്ത്യയിലേത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത പ്രധാനമന്ത്രിക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയണം. പ്രധാനമന്ത്രി കര്‍ഷകനോട് സംവദിക്കാന്‍ ഭയപ്പെടുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കൃഷിഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ജനാധിപത്യ ആശയങ്ങളെ കാറ്റില്‍പ്പറത്തിയുമാണ് നരേന്ദ്ര മോദി കരിനിയമം പാസാക്കിയത്.അധികാരത്തില്‍ എത്തിയത് മുതല്‍ കര്‍ഷക വിരുദ്ധ സമീപനമാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍, പി.സി ചാക്കോ, അടൂര്‍ പ്രകാശ് എം.പി, എ.ഐ.സി.സി സെക്രട്ടറിമാരായ ഐവാന്‍ ഡിസൂസ, പി.വിശ്വനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.