കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികള്‍

4

ആക്ഷേപവുമായി മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം അവശേഷിക്കെ സിപിഎമ്മിലെ വിഭാഗീയത പരസ്യപ്പെടുത്തി മന്ത്രി ജി. സുധാകരന്‍. അമ്പലപ്പുഴയില്‍ വീണ്ടും മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ച മന്ത്രി കായംകുളത്തേക്ക് തട്ടകം മാറ്റുന്നുവെന്ന പ്രചാരണം തള്ളുന്നതിനൊപ്പം അവിടത്തെ സിപിഎം സംഘടന സംവിധാനത്തിനെതിരെ രൂക്ഷമായ ആരോപണവും ഉന്നയിച്ചു. ‘കായംകുളത്തെ സിപിഎമ്മുകാര്‍ കാലുവാരികളാണ്. അവര്‍ മുഖത്തോട്ട് പോലും നോക്കില്ല. കാലിലേക്ക് മാത്രമേ നോക്കൂ. അവിടേക്ക് തല്ലിക്കൊന്നാല്‍ പോകുമോ, ഇനി അവിടെ നിന്ന് മത്സരിക്കാനില്ല’- മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2001-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയാണ് തോല്‍പ്പിച്ചതെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴ ജില്ലയിലെ സിപിഎമ്മില്‍ ഏറ്റവും കൂടുതല്‍ വിഭാഗീയത സമീപകാലത്ത് നിലനില്‍ക്കുന്ന കായംകുളത്തെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് മന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത് വിവാദമായിട്ടുണ്ട്. നേരത്തെ മന്ത്രിയും കായംകുളം എംഎല്‍എ യു.പ്രതിഭയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ കൊമ്പുകോര്‍ത്തിട്ടുണ്ട്. ഇതേ പേരില്‍ തന്നെ ഡിവൈഎഫ്‌ഐ നേതൃത്വം എം എല്‍ എക്കെതിരെ രംഗത്ത് വന്നതും സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞതും കായംകുളത്തെ പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തിരുന്നു.
എംഎല്‍എയും കായംകുളം നഗരസഭ മുന്‍ ചെയര്‍മാനുമായി നടത്തിയ വാക്‌പോര് പാര്‍ട്ടി ഇടപെട്ടാണ് വിലക്കിയത്. ഇന്നലെ കായംകുളത്ത് ഉദ്ഘാടനം ചെയ്ത മുട്ടേല്‍പാലത്തിന് അഭിവാദ്യം അര്‍പ്പിച്ച് മുഖ്യമന്ത്രിയുടേയും മന്ത്രി സുധാകരന്റേയും ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ സിപിഎം ഏരിയാ നേതൃത്വം പുറത്തിറക്കിയപ്പോള്‍ സ്ഥലം എംഎല്‍എയായ യു പ്രതിഭയുടെ ഫോട്ടോ ഒഴിവാക്കിയത് വിവാദമായിരുന്നു.
ഇതിന്റെ പേരില്‍ പ്രതിഭയുടെ അനുകൂലികളും എതിരാളികളും ഫേസ്ബുക്കില്‍ ഏറ്റുമുട്ടി. കമന്റുകളും ആക്ഷേപങ്ങളും കൊണ്ട് പാര്‍ട്ടിയുടെ ഫേസ്ബുക്ക് പേജ് നിറഞ്ഞതോടെയാണ് പാര്‍ട്ടി ഏരിയ നേതൃത്വം എംഎല്‍എയുടെ ഫോട്ടോ കൂട്ടിചേര്‍ത്ത് പോസ്റ്റര്‍ ഇറക്കിയത്. ഇതിനിടെയാണ് കായംകുളത്തെ പാര്‍ട്ടിക്കാര്‍ക്കെതിരെ മന്ത്രി ആക്ഷേപവുമായി രംഗത്ത് വന്നത്.
അതേ സമയം പ്രതിഭയെ വെട്ടി കായംകുളത്ത് മത്സര രംഗത്ത് എത്താന്‍ ഒരുങ്ങി നില്‍ക്കുന്ന ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതൃത്വത്തിന് സുധാകരന്റെ പിന്മാറ്റം ആശ്വാസം പകരുന്നുണ്ട്.