സന്താനങ്ങള്‍ സൗഭാഗ്യങ്ങളാണ്. ആണ്-പെണ് മക്കളായാലും പേരമക്കളായാലും എല്ലാവരും നാഥനേകിയ കണ്മണികളാണ്. സൂറത്തുന്നഹ്ല് 72-ാം സൂക്തത്തില്‍ ”അല്ലാഹു നിങ്ങള്‍ക്ക് സ്വന്തത്തില്‍ നിന്നു തന്നെയുള്ള ഇണകളെ ഉണ്ടാക്കിത്തരികയും അവര്‍ വഴി മക്കളെയും പേരമക്കളെയും സൃഷ്ടിക്കുകയും ചെയ്തു”വെന്ന് പ്രസ്താവിക്കുന്നുണ്ട്. ഈ സന്താനാനുഗ്രഹങ്ങള്ക്ക് അല്ലാഹുവിനോട് നന്ദി കാട്ടേണ്ടത് അവരെ നേര്‍വഴിയില്‍ വളര്‍ത്തിക്കൊണ്ടാണ്. ഒരു പുരുഷന് അവന്റെ കുടുംബക്കാരുടെ ഉത്തരവാദിത്തമുള്ളയാളാണ്. അല്ലാഹു ഓരോരുത്തരോടും അവര്‍ക്ക് ഏല്‍പ്പിക്കപ്പെട്ട കാര്യത്തില്‍ വിചാരണ ചെയ്യുന്നതായിരിക്കും. കുടുംബ നാഥനോട് കുടുംബക്കാരെ കുറിച്ച് അല്ലാഹു ചോദ്യം ചെയ്യുന്നതായിരിക്കുമെന്ന് നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (ഹദീസ് സ്വഹീഹു ബ്നു ഹിബ്ബാന്‍ 4493).
ഒരിക്കല്‍ ഉമര്‍ ബ്നു ഖത്വാബ് (റ) ഒരാളോട് പറയുകയുണ്ടായി: താങ്കളുടെ മക്കളുടെ കാര്യത്തില്‍ താങ്കള്‍ തന്നെയാണ് ഉത്തരവാദി. അവര്‍ക്ക് താങ്കള്‍ എന്തെല്ലാം പഠിപ്പിച്ചു? എന്തെല്ലാം മര്യാദകള്‍ പകര്‍ന്നു നല്കി? എല്ലാം താങ്കളുടെ ചുമതലകളാണ്.
മാതാവും പിതാവും മക്കളോടൊപ്പം കുറെ സമയം ചെലവഴിക്കണം. കൂടെ ഇരുന്ന് അവര്‍ പറയുന്നത് കേള്‍ക്കണം. കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കണം. തെറ്റുകള്‍ തിരുത്തിക്കൊടുക്കണം. നബി (സ്വ) കുട്ടികളോടൊപ്പം ഇരുന്നു കൊണ്ടാണ് സല്‍സ്വഭാവങ്ങളും നല്ല പെരുമാറ്റങ്ങളും പഠിപ്പിച്ചിരുന്നത്. ഇബ്നു അബ്ബാസി(റ)നെ ”കുഞ്ഞുമോനേ” എന്നു വിളിച്ചു കൊണ്ടാണ് നബി (സ്വ) ദൈവഭക്തി പഠിപ്പിച്ചതെന്ന് ഹദീസില്‍ കാണാം (അഹ്മദ് 2763, തുര്‍മുദി 2516).
സന്താന പരിപാലനത്തിന്റെയും ശിക്ഷണത്തിന്റെയും നബി പാഠങ്ങള്‍ നാം ജീവിതത്തില്‍ പകര്‍ത്തണം. പ്രത്യേകിച്ച്, ഈ സൈബര്‍ കാലത്ത് മക്കളെ നാം ഏറെ ശ്രദ്ധിക്കണം. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ അവര്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം നല്ലതാണെന്ന് ഉറപ്പു വരുത്തണം. എല്ലാ സൗകര്യ സംവിധാനങ്ങളുടെയും നല്ല വശങ്ങള് മാത്രം ഉപയോഗിക്കാന്‍ പഠിപ്പിക്കണം. ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെ നല്ലത് മാത്രം തിരയാനും പഠിക്കാനും ആസ്വദിക്കാനും അവസരമുണ്ടാക്കണം. സൈബര്‍ ഇടങ്ങളില്‍ വഴികേടിലാവാതെ കാക്കണം. കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം വിചാരണ നടത്തുമെന്നാണേെല്ലാ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നത് (സൂറത്തു ഇസ്റാഅ് 36).
മക്കള്‍ക്ക് മതകാര്യങ്ങളും മാനവിക മൂല്യങ്ങളും അഭ്യസിപ്പിക്കല് ഓരോ രക്ഷിതാവിന്റെയും കടമയാണ്. നല്ല ശീലങ്ങള്‍ പരിശീലിപ്പിക്കണം. നല്ല മാതൃകകള്‍ കാണിച്ചു കൊടുക്കണം. ഉത്തമ സാമൂഹിക പാഠങ്ങള്‍ നല്‍കണം. മനസ്സില്‍ രാഷ്ട്ര സ്നേഹം വളര്‍ത്തിയെടുക്കണം. ഇന്റര്‍നെറ്റിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും മുഴുകി സമയം കൊല്ലാന്‍ ഇടവരുത്തരുത്. അമിതമായുള്ള സാമൂഹിക മാധ്യമ ഉപയോഗവും വിഡിയോ ഗെയിം ആസക്തിയും യഥാര്‍ത്ഥ ജീവിതത്തെ കവരാന്‍ വിടരുത്. സമയം വായനയിലും മറ്റു നൈപുണ്യ കാര്യങ്ങളിലും ഉപയോഗപ്പെടുത്താന്‍ മക്കളെ പ്രാപ്തരാക്കണം. എന്നാല്‍, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. നാളെയുടെ ഭാസുര വാഗ്ദാനങ്ങളായ അവര്‍ക്ക് അനന്തമായി ഇനിയുമിനിയുമേറെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാകും തീര്‍ച്ച.
————————-