ഖുതുബ: വാക്‌സിന്‍ ചെയ്യൂ, ആരോഗ്യം പരിരക്ഷിക്കൂ

28

മനുഷ്യന്‍ അനുഗൃഹീത ജീവിയാണ്. ദൈവം മനുഷ്യനെ ഭൗതികമായും ആത്മീയമായും ബൗദ്ധികമായും മാനസികമായും വളരെയേറെ അനുഗ്രഹിച്ചിട്ടുണ്ട്. സുകൃത സ്വരൂപനായിട്ടാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ആന്തരികമായും ബാഹ്യമായും നല്ല കോലത്തില്‍ പടച്ച സ്രഷ്ടാവ്, ഗോചരവും അഗോചരവുമായ അനവധി അനുഗ്രഹങ്ങളേകി ശ്രേഷ്ഠ സൃഷ്ടിയാക്കി ബഹുമാനിച്ചിട്ടുമുണ്ട്. അക്കാര്യമാണ് വിശുദ്ധ ഖുര്‍ആന്‍ സൂറത്തുത്തീന്‍ 4-ാം സൂക്തത്തില്‍ സൂചിപ്പിക്കുന്നത്: ”മനുഷ്യനെ നാം ഏറ്റവും ഉദാത്തമായ ആകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നു”. ആകാര ഭംഗിയോടൊപ്പം അരോഗ ദൃഢഗാത്രമാക്കുകയും ചെയ്തിട്ടുണ്ട്. ശരീരവും ആരോഗ്യവും വളരെ വലിയ ദൈവാനുഗ്രഹങ്ങളാണ്.
ശരീരത്തെ ആരോഗ്യകരമായും സാന്മാര്‍ഗികമായും പരിരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. സ്വശരീരത്തെ രോഗാതുരമാവാതെയും അപകടത്തില്‍ പെടുത്താതെയും കാത്തു സൂക്ഷിക്കണം. ദോഷത്തരങ്ങള്‍ ചെയ്യാതെയും കാക്കണം. സൂറത്തുത്തകാസുര്‍ 8-ാം സൂക്തത്തില്‍ ”അന്ത്യനാളില്‍ അനുഗ്രഹങ്ങളെ സംബന്ധിച്ച് നിശ്ചയം, നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുതാണ്” എന്ന് അല്ലാഹു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രസ്തുത ആയത്തില്‍ പറയപ്പെട്ട അനുഗ്രഹങ്ങള്‍ കണ്ണ്, കാത് തുടങ്ങിയ ശരീരാവയവങ്ങളുടെ ആരോഗ്യമെന്നാണ് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) വ്യാഖ്യാനിച്ചത്. നബി (സ്വ) പറയുന്നു: അന്ത്യനാളില്‍ ഓരോരുത്തരും ഓരോ അനുഗ്രഹങ്ങളെ കുറിച്ചും വിചാരണ ചെയ്യപ്പെടും. അന്നേരം ആദ്യമായി ചോദ്യം ചെയ്യുക ”നിന്റെ ശരീരത്തിന് നാം ആരോഗ്യം നല്‍കിയില്ലേ?” എന്നായിരിക്കും (ഹദീസ് തുര്‍മുദി 3358). ആരോഗ്യ സംരക്ഷണം ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. ”നിനക്ക് നിന്റെ ശരീരത്തോട് കടപ്പാടുണ്ട്” (ഹദീസ് ബുഖാരി 5199).
രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കലും അപകടങ്ങളില്‍ നിന്ന് സൂക്ഷിക്കലും ആരോഗ്യം നിലനിര്‍ത്താനുള്ള കാര്യങ്ങള്‍ ചെയ്യലുമെല്ലാം ശരീരത്തോടുള്ള കടമകളാണ്. നിശ്ചയം, ആരോഗ്യമൊരു വരദാനമാണ്. വിശ്വാസ ദൃഢതയാണ് ഏറ്റവും വലിയ അനുഗ്രഹം. അത് കഴിഞ്ഞാല്‍ ആരോഗ്യമാണ് വിലപ്പെട്ട ദൈവദാനം (ഹദീസ് തുര്‍മുദി 3557). ശരീരാരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ ജീവിതം സുഖകരവും ആനന്ദകരവുമാവുകയുള്ളൂ. ആരോഗ്യമുണ്ടെങ്കിലേ ആരാധനകളും അനുഷ്ഠാനങ്ങളും പൂര്‍ണമാവുകയുള്ളൂ. കുറെ ശരീരങ്ങളുടെ ആരോഗ്യങ്ങളാണ് ഈ ലോകത്ത് ഒട്ടനവധി സംസ്‌കാരങ്ങളും സംരംഭങ്ങളും സാധ്യമാക്കിയിട്ടുള്ളത്.

കോവിഡ് 19 എന്ന മഹാമാരി കാലത്താണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള ബൃഹത്തായ അനുഗ്രഹത്താല്‍ ആ മഹാ വ്യാധിയില്‍ നിന്ന് സുരക്ഷിതരാവാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മഹത്തായ യുഎഇ രാജ്യം രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന കുത്തിവയ്പ് നല്‍കുന്നുണ്ട്. ഓരോ വ്യക്തിയും സ്വന്തത്തിന്റെയും സ്വകുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷക്കായി വാക്‌സിന്‍ മരുന്ന് കുത്തിവെക്കാന്‍ ശുഷ്‌കാന്തി കാട്ടേണ്ടിയിരിക്കുന്നു. ഉപകാര കാര്യങ്ങളില്‍ അതീവ തല്‍പരത കാട്ടണമെന്നാണല്ലോ നബി (സ്വ) പഠിപ്പിച്ചിരിക്കുന്നത് (ഹദീസ് മുസ്‌ലിം 2664).
——————————