കിഫ്ബി ബാധ്യത

സംസ്ഥാന സര്‍ക്കാറിനെ കുടഞ്ഞ് സി.എ.ജി

 

സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ വെച്ചു
കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയും
ഭരണഘടനാ വിരുദ്ധവും
വിദേശ കടമെടുക്കലിന് സംസ്ഥാനത്തിന് അധികാരമില്ല

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ എല്ലാ വാദങ്ങളെയും അസ്ഥാനത്താക്കി സി.എ.ജിയുടെ നിര്‍ണായകമായ പരിശോധനാ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ളതാണ് റിപ്പോര്‍ട്ട്. കിഫ്ബിയുടെ പേരില്‍ മസാലബോണ്ട് വഴി ധനസമാഹരണം നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കിഫ്ബിയിലെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയായി മാറും. ഇത്തരം കടമെടുപ്പ് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണ്. കേരളത്തിലെ ഓരോ വ്യക്തിയെയും പണയപ്പെടുത്തി സര്‍ക്കാര്‍ എടുത്ത വായ്പകള്‍ സംസ്ഥാനത്തിന് പ്രത്യക്ഷ ബാധ്യതകളായി മാറുമെന്നത് ഉള്‍പെടെ രൂക്ഷ വിമര്‍ശനങ്ങളാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടുനിരത്തുന്നത്. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ബോണ്ടുകള്‍ മുഖാന്തിരം 3,106.57 കോടി രൂപയാണ് കിഫ്ബി കടമെടുത്തത്. കിഫ്ബിക്ക് കൈമാറാനായി സ്വന്തം വരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിവെച്ച പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി വിഹിതം എന്നിവയില്‍ നിന്നാണ് ഇത് തിരിച്ചടക്കേണ്ടത്. ഈ കടമെടുപ്പില്‍ വിദേശരാജ്യങ്ങളില്‍ നിന്നും മസാല ബോണ്ടുകള്‍ വഴി ലഭ്യമായ 2,150 കോടിയും ഉള്‍പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സി.എ.ജി റിപ്പോര്‍ട്ട് നേരത്തെ പുറത്തുവിട്ട് പരസ്യവിമര്‍ശനങ്ങളും പ്രതിഷേധവും സി.പി.എം കടുപ്പിച്ചത് വലിയ വിവാദമായിരുന്നു. ആവശ്യമായ വിശദീകരണം തേടാതെയുള്ള റിപ്പോര്‍ട്ട് വികസനം തകര്‍ക്കാന്‍ വേണ്ടിയൂള്ള ആസൂത്രിത നീക്കമെന്നായിരുന്നു സര്‍ക്കാര്‍ വിമര്‍ശനം. ആദ്യം പുറത്തുവിട്ടത് കരടാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞപ്പോള്‍ അന്തിമ റിപ്പോര്‍ട്ടാണെന്നു കാട്ടി സി.എ.ജി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സി.എ.ജിയും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരുന്നു. റിപ്പോര്‍ട്ട് ചോര്‍ത്തിയതിന്റെ പേരിലും ഉള്ളടക്കത്തിന്റെ പേരിലും ധനമന്ത്രിക്കും സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഒട്ടേറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയുടെ മേശപ്പുറത്തുവെച്ചപ്പോള്‍, ഉള്ളടക്കത്തില്‍ സര്‍ക്കാരിനെ കാത്തിരുന്നത് കടുത്ത പരാമര്‍ശങ്ങളായിരുന്നു. കടം സര്‍ക്കാര്‍ തിരിച്ചടക്കുന്ന പക്ഷം പതിനാലാം ധനകാര്യകമ്മീഷന്റെയും കേരള സാമ്പത്തിക ഉത്തരവാദിത്വ നിയമത്തിലെയും ധനക്കമ്മിയുടെ മൂന്ന് ശതമാനമെന്ന പരിധിയും കടം ജിഎസ്ഡിപി അനുപാതത്തിന്റെ 30 ശതമാനമെന്ന പരിധിയും മറികടക്കുന്നതിന് അനിവാര്യമാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിലവില്‍ ധനക്കമ്മി 3.45 ശതമാനമാണ്. കടമാകട്ടെ, ജിഎസ്ഡിപി അനുപാതത്തിന്റെ 30.91 ശതമാനവും. ഇത്തരം കടമെടുപ്പുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 293(1) വകുപ്പിന് അനുസൃതവുമല്ലെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ മൊത്തം സാമ്പത്തിക ബാധ്യതയില്‍ വിപണി വായ്പകള്‍ക്ക് പ്രമുഖ പങ്കുണ്ട്. ഇത് 54 ശതമാനമാണ്. 2018-19 കാലയളവില്‍ സംസ്ഥാനത്തിന് വികസന കാര്യങ്ങള്‍ക്ക് വേണ്ടി ലഭ്യമായ കടം 3168 കോടി രൂപ മാത്രമാണ്. പൊതുകടമാകട്ടെ വരവിന്റെ 13 ശതമാനം മാത്രം.

ട്രഷറി ഇടപാടുകള്‍
സുതാര്യമല്ല
ചെലവ് പെരുപ്പിച്ചുകാട്ടി തട്ടിപ്പ്

തിരുവനന്തപുരം: സര്‍ക്കാരിന്റഎ ട്രഷറി ഇടപാടുകളില്‍ സുതാര്യതയില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ബജറ്റ് തുക ലാപ്‌സാകുന്നത് ഒഴിവാക്കാനായി വകുപ്പ് തലവന്മാര്‍ വര്‍ഷാവസാനത്തില്‍ തുക പിന്‍വലിക്കുകയും അത് ചെലവഴിക്കാതെ ട്രഷറി സേവിങ്‌സ് അക്കൗണ്ടിലോ സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള അക്കൗണ്ടിലോ നിക്ഷേപിക്കുന്നു.
സാമ്പത്തിക വര്‍ഷം കഴിഞ്ഞിട്ടും തുക വിനിയോഗിക്കാത്തത് കാരണം ഗ്രാന്റിന്റെ ആകെ ചെലവ് പെരുപ്പിച്ച് കാണിക്കുന്ന തട്ടിപ്പാണ് ഇത്തരത്തില്‍ നടക്കുന്നതെന്ന് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. സി.എ.ജി നടത്തിയ പരിശോധനയില്‍ ട്രഷറികളില്‍ ക്രമക്കേടുകള്‍ നടക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.പെന്‍ഷന്‍ തുക അധികമായി നല്‍കിയ 181 കേസുകള്‍ കണ്ടുപിടിച്ചു. ഇതുവഴി 93 ലക്ഷം രൂപയുടെ ക്രമക്കേടുണ്ടായി. നിയമസഭാ സാമാജികര്‍ക്ക് പെന്‍ഷന്‍ അധികം നല്‍കിയും തെറ്റായി ക്ഷാമാശ്വാസം നല്‍കിയതും ഇക്കൂട്ടത്തിലുണ്ട്. പരമാവധി സൂക്ഷിക്കാവുന്നതില്‍ കൂടുതല്‍ നീക്കിയിരിപ്പ് പണം കൈവശം വെച്ചതാണ് മറ്റൊരു ക്രമക്കേട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 124 ട്രഷറികളില്‍ 1294 തവണയാണ് അധികം പണത്തിന്റെ നീക്കിയിരിപ്പ് കണ്ടെത്തിയത്. ഇതില്‍ 78 ട്രഷറികളില്‍ 1008 തവണ ക്യാഷ് ബാലന്‍സ് അനുവദിച്ചിരിക്കുന്ന പരമാവധി തുകയുടെ നൂറുശതമാനത്തില്‍ കൂടുതലായിരുന്നു. ഡ്രോയിങ് ആന്റ് ഡിസ്‌ബേഴ്‌സിങ് അധികാരികള്‍ പിന്‍വലിച്ച മുന്‍കൂര്‍ തുകകള്‍ ക്രമപ്പെടുത്താതിരിക്കലാണ് മറ്റൊരു ക്രമക്കേട്.അഞ്ച് പൂര്‍ണ സാമ്പത്തിക വര്‍ഷങ്ങളിലോ അതില്‍ കൂടുതലോ ഉള്ള കാലയളവില്‍ ഇടപാടുകള്‍ ഒന്നും നടന്നിട്ടില്ലാത്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് ചട്ടം. അത്തരം അക്കൗണ്ടുകളിലെ നീക്കിയിരിപ്പ് തുകകള്‍ സര്‍ക്കാര്‍ അക്കൗണ്ടിലെ റവന്യൂ ഡെപ്പോസിറ്റിലേക്ക് മാറ്റണം. എന്നാല്‍ 2018-19 കാലയളവില്‍ 72 ട്രഷറികളിലായി 1577 ഇത്തരം സേവിങ്‌സ് അക്കൗണ്ടുകള്‍ നിലവിലുണ്ട്. 1.69 കോടി രൂപയുടെ നീക്കിയിരിപ്പാണ് ഈ അക്കൗണ്ടുകളിലുള്ളത്. ഇവ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് മാറ്റാതെ ഇപ്പോഴും സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളായി തുടരുകയാണെന്ന് സി.എ.ജി കണ്ടെത്തി.

സാമ്പത്തിക
ബാധ്യത
2,41,615 കോടി

ചരിത്രത്തിലാദ്യമായി 70 ശതമാനം വര്‍ധന
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന്റെ സാമ്പത്തിക ബാധ്യത 2,41,615 കോടിയായി വര്‍ധിച്ചെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 70 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ബാധ്യതയുണ്ടാകുന്നത്. സഞ്ചിത നിധിയിലെയും പൊതുകണക്കിലെയും ബാധ്യതകള്‍ ഉള്‍പെട്ടതാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതകള്‍. സഞ്ചിത നിധിയിലെ ബാധ്യതകളില്‍ (1,58,235 കോടി). വിപണി വായ്പകള്‍ (1,29,719 കോടി), കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വായ്പകള്‍ (7,243 കോടി), മറ്റ് വായ്പകള്‍ (21,273 കോടി) എന്നിവ ഉള്‍പെടുന്നു.
പൊതുകണക്കിലെ ബാധ്യതകളില്‍ (83,380 കോടി), ലഘുനിക്ഷേപങ്ങള്‍, പ്രോവിഡന്റ് ഫണ്ടുകള്‍ എന്നിവ (77,397 കോടി), പലിശയുള്ള ബാധ്യതകള്‍ (2,114 കോടി), നിക്ഷേപങ്ങളും മറ്റ് മാറ്റിവെക്കപ്പെട്ട ഫണ്ടുകളും പോലെയുള്ള പലിശരഹിത ബാധ്യതകള്‍ (3,869 കോടി) എന്നിവയും ഉള്‍പെടും. സര്‍ക്കാരിന്റെ ധൂര്‍ത്തും ആഢംബരവും സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ സാമ്പത്തിക ബാധ്യത സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതാണ്.
അതേസമയം കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതകളാണെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരമാണെന്നാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്.