കര്‍ഷക പ്രക്ഷോഭം: സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍നിന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍നിന്ന് ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു) നേതാവും മുന്‍ എം.പിയുമായ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. പഞ്ചാബിന്റെയും രാജ്യത്തെ മൊത്തം കര്‍ഷകരുടേയും വികാരം ഉള്‍കൊണ്ടുകൊണ്ടാണ് കമ്മിറ്റിയില്‍നിന്ന് സ്വയം പിന്മാറുന്നതെന്ന് മാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. താന്‍ എല്ലാ കാലത്തും കര്‍ഷകര്‍ക്കൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങളെ തുടക്കം മുതല്‍ പിന്തുണച്ചു വന്നിരുന്ന നേതാവാണ് ഭൂപീന്ദര്‍ സിങ് മാന്‍. മാന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് പിന്മാറ്റം.
ചൊവ്വാഴ്ചയാണ് സുപ്രീംകോടതി കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചത്. തുടര്‍ ഉത്തരവുണ്ടാകും വരെ വിവാദമായ നിയമങ്ങള്‍ നടപ്പാക്കുന്നത് കോടതി തടയുകയും ചെയ്തിരുന്നു. അതേസമയം കമ്മിറ്റിക്കു മുന്നില്‍ ഹാജരാകില്ലെന്ന് പ്രക്ഷോഭ രംഗത്തുള്ള കര്‍ഷക സംഘടനകള്‍ സുപ്രീംകോടതി ഉത്തരവിനു പിന്നാലെ തന്നെ വ്യക്തമാക്കിയിരുന്നു.