കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് അന്തരിച്ചു

പാലക്കാട്: സി.പി.എം നേതാവും കോങ്ങാട് എം.എല്‍.എയുമായ കെ.വി.വിജയദാസ് (61) അന്തരിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവംബര്‍ 28ന് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. പിന്നീട് ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രോഗമുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നം കാരണം അദ്ദേഹം ചികിത്സയില്‍ തുടര്‍ന്നു. സി.ടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. 2011 മുതല്‍ രണ്ടുതവണ കോങ്ങാട് മണ്ഡലത്തില്‍ നിന്ന് നിയമസഭ സാമാജികനായി. ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നപ്പോള്‍ 1996ല്‍ ആദ്യ പ്രസിഡന്റായിരുന്നു. എലപ്പുള്ളി തേനാരി കാക്കത്തോട് കര്‍ഷക തൊഴിലാളികളായ കെ.വേലായുധന്റെയും എ.താതയുടെയും മകനായി 1959 മേയ് 25നാണ് ജനനം. ഭാര്യ: പ്രേമകുമാരി. മക്കള്‍: ജയദീപ്, സന്ദീപ്.
ദീര്‍ഘകാലം സി.പി.എം എലപ്പുള്ളി ലോക്കല്‍ സെക്രട്ടറിയായി. തുടര്‍ന്ന് പുതുശ്ശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവര്‍ത്തിച്ചു. 1987ല്‍ എലപ്പുള്ളി പഞ്ചായത്തംഗമായി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ അനുശോചിച്ചു.