കെ.എസ്.ആര്‍.ടി.സിയില്‍ കലാപം

5

100 കോടി കാണാനില്ലെന്ന് എം.ഡി
വാളെടുത്ത് യൂണിയനുകള്‍

തുറന്നടിച്ച് എം.ഡി ബിജുപ്രഭാകര്‍
ടിക്കറ്റ് മെഷീനിലും ഡീസല്‍
വാങ്ങുന്നതിലും വെട്ടിപ്പ്
ജീവനക്കാര്‍ ഇഞ്ചിയും മഞ്ഞളും
കൃഷിചെയ്യുന്നു
ഡിപ്പോകളുടെ പ്രവര്‍ത്തനം
നടക്കുന്നത് എം പാനലുകാര്‍
ഉള്ളതുകൊണ്ട്
പ്രതിഷേധവുമായി
ട്രേഡ്‌യൂണിയനുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വലിയ വെട്ടിപ്പു നടന്നതായി എം.ഡി ബിജു പ്രഭാകര്‍. 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 100 കോടിയോളം രൂപയുടെ കണക്കുകാണാനില്ലെന്നും വെട്ടിപ്പു നടത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷറഫുദ്ദീനെതിരെയും അക്കൗണ്ട്‌സ് മാനേജര്‍ ശ്രീകുമാറിനെതിരെയും നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് തട്ടിപ്പ് വിവരങ്ങള്‍ എം.ഡി പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് ജീവനക്കാര്‍ എം.ഡിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബിജുപ്രഭാകര്‍ ജീവനക്കാരെ അപമാനിക്കുകയാണെന്ന് ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി വലിയ പ്രതിസന്ധിയിലാണെന്നും ടിക്കറ്റ് മെഷീനില്‍ ചില ജീവനക്കാര്‍ തട്ടിപ്പു നടത്തുന്നുണ്ടെന്നും ബിജുപ്രഭാകര്‍ പറഞ്ഞു. ബസുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങുന്നതിലും ഇന്ധനം വാങ്ങുന്നതിലും തട്ടിപ്പുണ്ട്. ഡീസല്‍ വെട്ടിപ്പ് തുടരാനാണ് ചിലര്‍ സി.എന്‍.ജിയെ എതിര്‍ക്കുന്നത്. യാത്രക്കാര്‍ക്കു പഴയ ടിക്കറ്റു നല്‍കിയും വെട്ടിപ്പു നടത്തുന്നു. ചിലര്‍ ജോലി ചെയ്യാതെ ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്നു. ചിലര്‍ ട്യൂഷനെടുക്കാന്‍ പോകുന്നു. ഡിപ്പോകള്‍ നടത്തുന്നത് എം പാനല്‍ ജീവനക്കാരെ വെച്ചാണ്. ജീവനക്കാരെ മൊത്തതില്‍ ഇങ്ങനെ കാണുന്നില്ലെന്നും എന്നാല്‍ 10 ശതമാനം ജീവനക്കാരെങ്കിലും ഇത്തരക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ.്ആര്‍.ടി.സിയുടെ വര്‍ക്‌ഷോപ്പുകളില്‍ സാമഗ്രികള്‍ വാങ്ങുന്നതിലും ക്രമക്കേട് നടക്കുന്നുണ്ട്. വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അടുത്ത മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ സമഗ്രമായ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോര്‍പറേഷനില്‍ 7090 ജീവനക്കാര്‍ അധികമായുണ്ട്. ആരെയും പിരിച്ചുവിടില്ല. ഭാവിയില്‍ ആളെ കുറക്കേണ്ടിവരും. ഉപജാപങ്ങളുടെ കേന്ദ്രമായി ചീഫ് ഓഫിസ് മാറിയിരിക്കുകയാണ്. സ്ഥാപനത്തെ രക്ഷപ്പെടുത്തണമെങ്കില്‍ അടിമുടി അഴിച്ചുപണിവേണം. സ്ഥാപനത്തിനു ലാഭമില്ലെങ്കില്‍ പുതിയ മാര്‍ഗങ്ങള്‍ തേടണം. ഇതുവരെ പോയ പാത ശരിയല്ലെന്നും പാത മാറ്റിപിടിക്കണം എന്നുമാണ് ഇപ്പോഴുള്ള സൂചന. കെ.എസ്.ആര്‍.ടി.സിയില്‍ ഒരു കേന്ദ്രീകൃത നിയന്ത്രണ സംവിധാനമോ ഡി.ടി.ഒമാര്‍ തമ്മില്‍ ഏകോപനമോ ഇല്ല. ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഐക്യമില്ല. പ്രൈവറ്റ് ബസുകള്‍ക്കു പിന്നില്‍ പോയാല്‍ മതിയെന്നാണു ചിലരുടെ നിര്‍ദേശം. ജനങ്ങള്‍ക്ക് അനുയോജ്യമായ സമയത്ത് സര്‍വീസ് നടത്താന്‍ കഴിയണം. അതിനാണ് കെ സിഫ്റ്റ് കമ്പനി രൂപീകരിക്കുന്നത്. കംപ്യൂട്ടറൈസേഷന്‍ നടപ്പിലാക്കും. സ്ഥാപനത്തെ നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നും എം.ഡി പറഞ്ഞു. ചില ജീവനക്കാര്‍ മാത്രമാണ് പ്രശ്‌നക്കാരെന്ന് പറയുമ്പോഴും സ്ഥാപനത്തിനെതിരായ എം.ഡിയുടെ തുറന്ന് പറച്ചില്‍ വന്‍വിവാദമായി. സി.ഐ.ടിയ.യു, എസ്.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങിയ സംഘടനകള്‍ എം.ഡിക്കെതിരെ വിമര്‍ശനവുമായെത്തിയതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും പോര് മുറുകുമെന്നുറപ്പായി.