കെ.എസ്.ആര്‍.ടി.സി ക്രമക്കേട്: എം.ഡിയുടെ ആരോപണം ശരിവെച്ച് ധനകാര്യ റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ക്രമക്കേട് നടന്ന കാര്യം ശരിവെച്ച് പരിശോധനാ റിപ്പോര്‍ട്ട്. ധനകാര്യ വിഭാഗം നടത്തിയ പരിശോധന റിപ്പോര്‍ട്ടിലാണ് 311.98 കോടിയുടെ കണക്ക് അക്കൗണ്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് രേഖകളിലുള്ളത്.
2015 ലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 2018 ല്‍ സ്വകാര്യ ഓഡിറ്റിംഗ് ഏജന്‍സിയെക്കൊണ്ട് നടത്തിയ ഓഡിറ്റിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് ലോണ്‍ എടുത്ത വകയില്‍ തിരിച്ചടച്ച തുകയില്‍ 311.48 കോടിക്ക് കണക്കില്ല. തുടര്‍ന്ന് കെ.ടി.ഡി.എഫ്.സിയുടെയും കെ.എസ്.ആര്‍.ടി.സിയുടെയും അക്കൌണ്ടുകള്‍ പരിശോധിച്ചപ്പോഴാണ് 100 കോടി രൂപ തിരിമറി കണ്ടെത്താനായത്. അക്കൗണ്ട് ഓഫീസറുള്‍പ്പെടെ ഉത്തരവാദിത്വപ്പെട്ട പോസ്റ്റുകളിലിരിക്കുന്ന ഓഫീസര്‍മാരുടെ വീഴ്ചയാണ്. ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകള്‍ സൂക്ഷിച്ചിരുന്നില്ല. ഇതൊന്നും രേഖപ്പെടുത്താതെ മനപ്പൂര്‍വ്വം ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ധനകാര്യവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്.
അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ശനിയാഴ്ച ബിജുപ്രഭാകര്‍ ഉന്നയിച്ച പലകാര്യങ്ങളും ശരിവെക്കുന്ന ശുപാര്‍ശകളും കണ്ടെത്തലുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി അക്കൗണ്ട്‌സ് ഓഫീസറുടെ ചുമതല വഹിച്ചിരുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിനെ എറണാകുളത്തെ സോണല്‍ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. ഇതില്‍ ബിജു പ്രഭാകറിനെതിരേ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ശ്രീകുമാറിന് പുറമെയുളളവര്‍ തല്‍സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. ഇവരുടെ പെന്‍ഷന്‍ ഉള്‍പ്പെടെ തടഞ്ഞുവയ്ക്കാനും ആലോചനയുണ്ട്. ശ്രീകുമാറില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. ക്രമക്കേടില്‍ വിശദീകരണം കിട്ടിയ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് സി.എം.ഡിയുടെ നീക്കം.

ആക്ഷേപം ഏറ്റത്
കാട്ടുകള്ളന്മാര്‍ക്ക്:
ബിജുപ്രഭാകര്‍


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ ആക്ഷേപിച്ചത് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കാട്ടുകള്ളന്മാര്‍ക്കാണെന്ന് കോര്‍പറേഷന്‍ എം.ഡി ബിജു പ്രഭാകര്‍. മൊത്തം ജീവനക്കാരെ അധിക്ഷേപിച്ചിട്ടില്ല. കുറച്ചു പേര്‍ മാത്രമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ജീവനക്കാര്‍ തെറ്റിദ്ധാരണ മൂലമാണ് തനിക്കെതിരെ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണം സംബന്ധിച്ചും ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ചും ജീവനക്കാരോട് ഫേസ്ബുക്കിലൂടെ സംസാരിക്കുകയായിരുന്നു സി.എം.ഡി.
പ്രശ്‌നമുണ്ടാക്കാനല്ല, പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ജീവനക്കാര്‍ സന്തുഷ്ടരായി ഇരുന്നാല്‍ മാത്രമേ സ്ഥാപനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു .ഉപഭോക്താക്കള്‍ ആദ്യം എന്നതല്ല, ജീവനക്കാര്‍ക്ക് മുന്‍ഗണന എന്നതാണ് തന്റെ നയം. ശമ്പള പരിഷ്‌കരണം നടക്കാത്ത സാഹചര്യത്തില്‍ ഏതെങ്കിലും ജീവനക്കാര്‍ ജനങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവരുടെ ജീവിത സാഹചര്യങ്ങള്‍ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ജപ്തി നേരിടുന്ന ഒരു ഡ്രൈവര്‍ എങ്ങനെ മന:സമാധാനമായി വണ്ടി ഓടിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ജീവനക്കാരെ ഒന്നടങ്കം ആക്ഷേപിക്കുമെന്ന് ആര്‍ക്കെങ്കിലും കരുതാനാകുമോ. ആ കാട്ടുകള്ളന്‍മാരായിരിക്കാം ജീവനക്കാരെ ആക്ഷേപിച്ചു എന്ന് മാധ്യമങ്ങളില്‍ വിളിച്ചുപറഞ്ഞതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.