കൊച്ചി: ലൈഫ് മിഷന് പദ്ധതി അഴിമതിയിലെ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. സിബിഐ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. വന്‍ തിരിച്ചടി നേരിട്ടതോടെയാണ് അഴിമതി അന്വേഷണം തടയാന്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. സുപ്രിംകോടതിയില്‍ ഹാജാരാവാന്‍ ഇവര്‍ക്ക് കോടികള്‍ ഫീസിനത്തില്‍ നല്‍കേണ്ടി വരും. നേരത്തെ ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയവയിലെ സമഗ്ര അന്വേഷണം തടയാന്‍ കോടികള്‍ നല്കി സുപ്രിംകോടതി അഭിഭാഷകരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. സ്വന്തം അഴിമതി മറയ്ക്കാന്‍ സമാനമായ ഖജനാവ് ധൂര്‍ത്തിനാണ് സര്‍ക്കാര്‍ ശ്രമം. കേസില്‍ ഹൈക്കോടതിയില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ഉള്‍പ്പടെയുള്ളവരുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷിക്കാന്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രിമിനല്‍ നടപടി ചട്ടത്തിലെ 482 ാം വകുപ്പ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതിനാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരിന് ഡിവിഷന് ബെഞ്ചിനെ സമീപിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കം. കേസ് അന്വേഷണത്തിന്റെ തുടര്‍ നടപടികളിലേക്ക് സിബിഐ ഉടന്‍ കടക്കുമെന്നതിനാല്‍ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ തീരുമാനവും ഉടനുണ്ടാവും
അന്വേഷണത്തിനുള്ള സ്റ്റേ നീങ്ങിയതോടെ ലൈഫ്മിഷന് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെട്ട് സിബിഐ വിജിലന്‍സിനു കത്തയക്കും. നേരത്തെ ലൈഫ്മിഷന് ഓഫീസില്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, ലൈഫ് സി.ഇ.ഒ യു.വി. ജോസ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്, ചാറ്റേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍ ഉള്‍പ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്യും. 2019മുതലാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്കു പരിചയമെന്നാണു ശിവശങ്കറിന്റെ മൊഴി. ഈപ്പനെ കാണുന്നതു ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നു ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസും മൊഴി നല്‍കിയിട്ടുണ്ട്. ലൈഫ് മിഷന്റെ ഒരു ഇടപാടില്‍ കൈക്കൂലി നല്കിയിട്ടുണ്ടെങ്കില് മറ്റുപദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടാവുമെന്നാണ് സിബിഐ കരുതുന്നത്. വിവിധ രേഖകള്‍ ഇതിനോടകം സിബിഐക്ക് ലഭിച്ചിട്ടുണ്ട്. എന്‍ഐഎ, കസ്റ്റംസ്, ഇ.ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നു. യൂണിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പനില്‍നിന്നു സമ്മാനമായി ലഭിച്ച ഐ ഫോണാണ് ശിവശങ്കര്‍ ഉപയോഗിച്ചതെന്നു തെളിഞ്ഞതാണ് കേസിന് ബലം നല്‍കുന്നത്. സ്വപ്ന സുരേഷ് നവംബര്‍ 10നു നല്കിയ മൊഴിയില്‍ കൈക്കൂലിക്കാര്യം സമ്മതിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു മറ്റു ലൈഫ് പദ്ധതികളിലും കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന നിഗമനം.
ലൈഫിലെ കൈക്കൂലിക്കുള്ള പ്രത്യുപകാരമാണ് മറ്റു ലൈഫ് പദ്ധതികളുടെയും കെ.ഫോണ്‍ പദ്ധതിയുടെയും കരാര്‍ വിശദാംശങ്ങള്‍ സ്വപ്നക്ക് ശിവശങ്കര്‍ ചോര്‍ത്തിനല്‍കിയത്. ഇതെല്ലാം സിബിഐയുടെ അന്വേഷണ പരിധിയില്‍ വരും. വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവ പ്രകാരമാണ് സിബിഐ കേസെടുത്തത്. ഇ.ഡിയുടെ ആവശ്യ പ്രകാരമാണ് വിദേശ വിനിമയ ചട്ടത്തിന്റെ ലംഘനത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയത്.