ലൈഫ് മിഷന്‍ ക്രമക്കേട്: സര്‍ക്കാറിന് വന്‍ തിരിച്ചടി

7

അന്വേഷണം സി.ബി.ഐക്ക് തന്നെ

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്നു ഹൈക്കോടതി. ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് സി.ബി.ഐ അന്വേഷണം തുടരാമെന്നു വ്യക്തമാക്കിയത്. പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ളതാണ് അതുകൊണ്ടു തന്നെ അന്വേഷണം തുടരാമെന്നു കോടതി വ്യക്തമാക്കുകയായിരുന്നു. വിദേശ സഹായങ്ങള്‍ സ്വീകരിക്കുമ്പോള്‍ സ്വീകരിച്ചിരിക്കേണ്ട ചട്ടങ്ങള്‍ ബാധകമാകുന്ന സാഹചര്യമുണ്ട്. ലൈഫ് മിഷന്‍ ഇടപാടില്‍ നാലരക്കോടി രൂപ ഇടനില നിന്ന സ്വപ്‌ന സുരേഷിന് കമ്മീഷനായി നല്‍കിയതായി സന്തോഷ് ഈപ്പന്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണ പരിധിയില്‍ വരേണ്ടതാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്നും സിബിഐ വാദിച്ചിരുന്നു. അതേ സമയം മന്ത്രിമാര്‍ എടുക്കുന്ന തീരുമാനങ്ങളിലെ നിയമ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് ഉദ്യോഗസ്ഥരാണെന്നും എക്‌സിക്യൂട്ടീവ് തയാറാക്കുന്ന പദ്ധതികളിലാണ് മന്ത്രിമാര്‍ തീരുമാനം എടുക്കുന്നതെന്നു കോടതി വ്യക്തമാക്കി. ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഉദ്യോഗസ്ഥവൃന്ദം കുറച്ചു കൂടി ജാഗ്രത പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ക്കാരും യുണിടാക്കും സമര്‍പ്പി ച്ച ഹര്‍ജികള്‍ ജസ്റ്റിസ് പി. സോമരാജന്‍ തള്ളി.
പദ്ധതി ഇടപാടില്‍ ലൈഫ്മിഷന്‍ സിഇഒയ്‌ക്കെതിരെ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതി നടന്നു എന്നത് പകല്‍ പോലെ വ്യക്തമാണെന്നും സര്‍ക്കാര്‍ തന്നെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ഇതുകൊണ്ടാണെന്നും സിബിഐ ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സി തന്നെ അന്വേഷണം നടത്തുന്നത് പ്രത്യേക താല്‍പര്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിക്കുമെന്നും സിബിഐ കോടതിയെ ധരിപ്പിച്ചിരുന്നു. സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ രണ്ടാഴ്ചത്തേയ്ക്കു കൂടി നീട്ടണമെന്ന് സര്‍ക്കാരിനു വേണ്ടി കോടതിയിലെത്തിയ അഭിഭാഷകന്‍ കെ.വി. വിശ്വനാഥന്‍ ആവശ്യപ്പെട്ടെങ്കിലും വിധിയുടെ സാഹചര്യത്തില്‍ സ്റ്റേ അപേക്ഷ നിലനില്‍ക്കില്ലെന്നു കോടതി അറിയിച്ചു. അനില്‍ അക്കര എം.എല്‍.എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യൂനിടാക്, സെന്‍ വെഞ്ച്വേഴ്‌സ് എന്നീ കമ്പനികളുടെ ഡയറക്ടര്‍മാരെ പ്രതിയാക്കി എറണാകുളം സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഇതേ തുടര്‍ന്നാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ സി.ഇ.ഒയും യൂനിടാക് എം.ഡി സന്തോഷ് ഈപ്പനും ഹൈക്കോടതിയെ സമീപിച്ചത്.

നീതിയുടെ വിജയം:
അനില്‍ അക്കര

തൃശൂര്‍: ലൈഫ് മിഷനിലെ ക്രമക്കേടുകളെകുറിച്ച് സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതിവിധി നീതിയുടെ വിജയമെന്ന് അനില്‍ അക്കര എം.എല്‍.എ. തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. പരാതിയും അന്വേഷണവുമെല്ലാം കോടതി ശരിവെച്ചിരിക്കുകയാണ്. സിബിഐ അന്വേഷണം തടയണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുകയാണ്. വടക്കാഞ്ചേരി മണ്ഡലത്തിലെ 140 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീടു നല്‍കുന്ന സര്‍ക്കാരിന്റെ പദ്ധതി തന്റെ പരാതിയിലൂടെ അട്ടിമറിച്ചിരിക്കുകയാണെന്നാണ് സി.പി.എം ആരോപിച്ചത്. എന്നാല്‍ മണ്ഡലത്തിലെ 140 കുടുംബങ്ങള്‍ക്ക് ഉടനെ വീട് വെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് കോടതിയുടെ പരിഗണനയിലാണ്. ഏതു സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടാലും അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പുറകോട്ട് പോകില്ല. സി.പി.എം നടത്തുന്ന അഴിമതികള്‍ തുറന്നുകാണിക്കും. കോടതികള്‍ ജനകീയ വിഷയങ്ങളില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മാകമായി ഇടപെടുന്നുവെന്നാണ് മനസിലാക്കുന്നത്. കാര്‍ഷിക നിയമഭേദഗതിയില്‍ സുപ്രീം കോടതിയുടെ ഇടപെടലും അതാണ് സൂചിപ്പിക്കുന്നതെന്നും അനില്‍ അക്കര കൂട്ടിചേര്‍ത്തു.