ജീവിത ശൈലീ രോഗങ്ങള്‍ക്ക് പുതിയ മെഡിക്കല്‍ സംരംഭം ദുബൈയില്‍

41
ജീവിത ശൈലീ രോഗങ്ങള്‍ക്ക് പുതിയ മെഡിക്കല്‍ സംരംഭം ആരംഭിക്കുന്നത് സംബന്ധിച്ച് നടന്ന പ്രഖ്യാപന ചടങ്ങില്‍ നിന്ന്

ദുബൈ: ജീവിത ശൈലീ രോഗങ്ങള്‍ക്ക് പാര്‍ശ്വ ഫലങ്ങളില്ലാത്തതും ആയുര്‍വേദ വിധി പ്രകാരമുള്ളതുമായ ചികില്‍സക്ക് ദുബൈയില്‍ പുതിയ സംരംഭം ഖിസൈസ് അല്‍നഹ്ദ മെട്രോ സ്‌റ്റേഷന് സമീപം ആരംഭിക്കുന്നു. കോട്ടക്കല്‍ ഗ്രീന്‍ ലൈഫ് ആയുര്‍വേദിക് സെന്റര്‍ എല്‍എല്‍സി എന്ന സ്ഥാപനം ജനുവരി 14ന് വൈകുന്നേരം 5 മണിക്ക് അബ്ദുല്ല മാജിദ് റാഷിദ് അല്‍അലി ഉദ്ഘാടനം ചെയ്യും. രോഗപ്രതിരോധ ശേഷി ലഭിക്കാനുള്ള ഔഷധക്കൂട്ടുകള്‍, പ്രസവാനന്തര ശുശ്രൂഷകള്‍ക്ക് പ്രത്യേക വിഭാഗം, രോഗികളെ വീട്ടിലെത്തി അത്യാവശ്യ ഘട്ടങ്ങളിലുള്ള ചികില്‍സ എന്നിവ തങ്ങളുടെ പ്രത്യേകതകളാണെന്ന് കോട്ടക്കല്‍ ഗ്രീന്‍ ലൈഫ് ആയുര്‍വേദിക് സെന്റര്‍ എല്‍എല്‍സി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അപര്‍ണ നിഖില്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അന്‍വര്‍ ഷാ എന്നിവര്‍ അറിയിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിന്‍സ ആകാശ്, ചെയര്‍മാന്‍ സോമരാജന്‍ എ.ആര്‍, മാനേജിംഗ് പാര്‍ട്ണര്‍മാരായ നിസാമുദ്ദീന്‍, വിനോദ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
കോവിഡ് 19 കാലയളവില്‍ ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുകയെന്ന ആശയത്തില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പ്രത്യേക പാക്കേജില്‍ തങ്ങള്‍ ചികില്‍സ നല്‍കുന്നതെന്ന് ഡോ. അന്‍വര്‍ ഷാ പറഞ്ഞു.
കോട്ടക്കല്‍ ആയുര്‍വേദ വൈദ്യശാലയുടെ മരുന്നുകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. അഭ്യംഗം ഉള്‍പ്പെടെ എല്ലാ ചികില്‍സകളും താങ്ങാവുന്ന നിരക്കില്‍ ലഭ്യമാണെന്ന് ഡോ. അപര്‍ണ പറഞ്ഞു.
ഏറ്റവും മികച്ച സൗകര്യങ്ങളാണ് തങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.