ലൈഫ്: സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

തട്ടിപ്പ് അന്വേഷിച്ചാല്‍
കൂട്ട വിലങ്ങു വീഴും

തിരുവനന്തപുരം: 20 കോടിയുടെ പദ്ധതിയില്‍ 9.5 കോടിയും കമ്മീഷനായി വിഴുങ്ങിയ ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം. ക്രമക്കേടുകള്‍ സി.ബി.ഐക്ക് അന്വേഷിക്കാമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പാവങ്ങളെ മുന്നില്‍ നിര്‍ത്തി വന്‍കൊള്ള നടത്തുന്ന ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയുടെ ഉത്തമോദാഹരണമായ ലൈഫ് പദ്ധതിയിലെ തട്ടിപ്പ് മുഴുവന്‍ നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഭൂമിയില്‍ മറ്റൊരു ഏജന്‍സി കെട്ടിടം പണിയുമ്പോള്‍ കരാറില്‍ സര്‍ക്കാര്‍ കക്ഷി ആകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയുണ്ടായില്ല.
വടക്കാഞ്ചേരിയില്‍ ഭൂമി വാങ്ങിയപ്പോള്‍ തന്നെ ആക്ഷേപം ഉണ്ടായിരുന്നു എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ അനില്‍ അക്കര ആരോപിച്ചു. 2019 ജൂലായില്‍ 15 കോടി അനുവദിച്ചു സര്‍ക്കാര്‍ ഫ്ളാറ്റ് പണിയാന്‍ അനുമതി നല്‍കി. അന്നുതന്നെയാണ് റെഡ് ക്രസന്റുമായി ധാരണ പത്രം ഒപ്പിട്ടത്. ശിവശങ്കര്‍ ആവശ്യപ്പെട്ട പ്രകാരമാണ് പദ്ധതിയിലേക്ക് റെഡ്ക്രസന്റ് കടന്നു വരുന്നത്. ഇത് തെളിയിക്കുന്ന രേഖകള്‍ കൈവശം ഉണ്ടെന്നും അനില്‍ അക്കര പറഞ്ഞു. സംസ്ഥാനം കണ്ട വന്‍ അഴിമതിയാണ് ലൈഫ് പദ്ധതിയിലുണ്ടായത്. ആര്‍ത്തിപണ്ടാരം മൂത്ത അഴിമതി നടന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണെന്നും അനില്‍ അക്കര ആരോപിച്ചു.
രാജ്യത്തിന് മാതൃകയായ പദ്ധതിയെ താറടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി. വടക്കഞ്ചേരി പദ്ധതിയില്‍ യു.എ.ഇ റെഡ് ക്രസന്റ് താല്‍പര്യം പ്രകടിപ്പിച്ചു. ലൈഫ് മിഷന് സാമ്പത്തികമായി ഉത്തരവാദിത്തമില്ല. അതേ സമയം പുറത്തു വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. പൊതു പ്രവര്‍ത്തകര്‍ ആരെങ്കിലും അഴിമതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതെ തുടര്‍ന്നായിരുന്നു പ്രതിപക്ഷം സഭവിട്ടിറങ്ങിയത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ലൈഫ് മിഷന്‍ അഴിമതി ഒഴുകിപ്പോയെന്ന് കരുതേണ്ട എന്ന് വാക്കൗട്ടിന് മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി വിധി സര്‍ക്കാരിന് ഏറ്റ കനത്ത പ്രഹരമാണ്. മുഖ്യമന്ത്രി പറഞ്ഞ എല്ലാ ന്യായീകണങ്ങളും കോടതി വിധിയോടെ പൊളിഞ്ഞു. തട്ടിപ്പ് അന്വേഷിച്ചാല്‍ സര്‍ക്കാരില്‍ പലരുടെയും കൈകളില്‍ വിലങ്ങുവീഴുമെന്നും അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ പേര് പറഞ്ഞുള്ള കൊടിയ അഴിമതിയാണ് ലൈഫ് പദ്ധതിയുടെ മറവില്‍ നടന്നതെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. അതിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നാണ് വ്യക്തമായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാര്‍മ്മികത്വത്തില്‍ ഇത്ര വലിയ ഗൂഢാലോചന നടന്നപ്പോള്‍ അത് മുഖ്യമന്ത്രി അറിറഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാവും. പാവങ്ങള്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന പദ്ധതിക്ക് പ്രതിപക്ഷം എതിരല്ലെന്നും എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. ആരാണ് സാത്താന്റെ സന്തതിയെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.