മദ്യത്തിന് വില കൂട്ടിയതില്‍ 100 കോടിയുടെ അഴിമതി

നിയമസഭയില്‍ ഗുരുതര ആരോപണം ഉന്നയിച്ച്
പ്രതിപക്ഷ നേതാവ് നടപടി മദ്യമുതലാളിമാരെ സഹായിക്കാന്‍
ഗൂഢാലോചന നടന്നത് എ.കെ.ജി സെന്ററില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിലൂടെ മദ്യക്കമ്പനികളുമായി ചേര്‍ന്ന് നൂറുകോടിയുടെ അഴിമതി നടന്നെന്ന് ആരോപിച്ച് നിയമസഭയില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഈ സര്‍ക്കാരിന്റെ കാലത്ത് രണ്ടുപ്രാവശ്യമായി 14 ശതമാനമാണ് വില വര്‍ധിപ്പിച്ചത്. ഇത് മദ്യമുതലാളിമാരെ സഹായിക്കാനാണെന്നും എ.കെ.ജി സെന്ററിലാണ് ഗൂഢാലോചന നടന്നതെന്നും ചെന്നിത്തല പറഞ്ഞു. നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യ ഉല്‍പാദന കമ്പനികള്‍ക്കു 120 കോടി ലാഭമാണ് കിട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനും പാര്‍ട്ടി സെക്രട്ടറിയുമാണ് ഇതിന് നേതൃത്വം കൊടുത്തത്. ഇവരുടെ നിര്‍ദ്ദേശം നടപ്പാക്കാനുള്ള ഒരു കളിപ്പാവ മാത്രമായിരുന്ന ബിവറേജസ് കോര്‍പറേഷന്‍. ഈ സര്‍ക്കാര്‍ അധികാരമേറ്റത് തന്നെ മദ്യമുതലാളിമാരുടെ പിന്‍ബലത്തിലാണ്. അവരുടെ സാമ്പത്തിക സ്രോതസിന്റെ അടിസ്ഥാനത്തിലുമാണ്. മദ്യവില അവര്‍ ആഗ്രഹിക്കും പോലെ വര്‍ധിപ്പിച്ച് നല്‍കാമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മന്‍പ് തന്നെ ഉറപ്പുനല്‍കിയിട്ടുള്ളതാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
ആരാണ് ഈ കൊടിയ അഴിമതിക്ക് കൂട്ടുനിന്നത്. കഴിഞ്ഞ മുന്ന് വര്‍ഷക്കാലം ഡിസ്റ്റിലറി ഉടമകള്‍ മദ്യത്തിന് വിലകൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിവന്നതായാണ് വിവരം. എന്നാല്‍ ഇത്രയധികം വര്‍ദ്ധനവ് അവര്‍ പോലും പ്രതീക്ഷിച്ചുകാണില്ല. എന്ത് മാനദണ്ഡത്തിന്റേയും ശാസ്ത്രീയ വിലിയിരുത്തലിന്റേയും അടിസ്ഥാനത്തിലാണ് മദ്യത്തിന്റെ വിലയില്‍ ഇത്ര ഭീമമായ വര്‍ദ്ധനവ് വരുത്തിയത്. ആരാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയുടെ നേതൃത്വത്തിലുള്ള ഒരു തട്ടിക്കൂട്ട് സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇത്രഭീമമായ വര്‍ദ്ധനവിന് സര്‍ക്കാര്‍ മുതിരുമോ എന്നും ചെന്നിത്തല ചോദിച്ചു.
അതേസമയം ആരോപണം നിഷേധിച്ച മന്ത്രി ടി.പി രാമകൃഷ്ണന്‍ തനിക്ക് ഒരു മദ്യ കമ്പനിയെയും പരിചയമില്ലെന്നും മദ്യ കമ്പനി ഉടമകള്‍ ആരും വകുപ്പ് മന്ത്രിയെന്ന നിലയില്‍ തന്നെ വന്ന് കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മറുപടി പറഞ്ഞു. നിലവിലുള്ള വില്‍പ്പനയുടെ കണക്ക് അനുസരിച്ച് പ്രതിവര്‍ഷം സര്‍ക്കാറിന് 957 കോടി രൂപയും ബിവറേജ് കോര്‍പറേഷന് ഒന്‍പത് കോടി രൂപയും ആണ് അധിക വരുമാനമായി ലഭിക്കുക. ഗുണഭോക്താവിന് 750 മില്ലീലിറ്റര്‍ മദ്യം വാങ്ങുമ്പാള്‍ ശരാശരി 40 രൂപയാണ് അധികമായി നല്‍േകണ്ടിവരിക. ഒരു കുപ്പി മദ്യത്തിന് 40 രൂപ വില വര്‍ധിപ്പിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന് കിട്ടുന്നത് 35 രൂപയാണ്. ഒരു രൂപ ബിവറേജ് കോര്‍പറേഷനും നാല് രൂപ ഡീലര്‍ക്കും ലഭിക്കും. ബിവറേജ് കോര്‍പറേഷന്‍ വാങ്ങുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത് കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡാണെന്നും മന്ത്രി പറഞ്ഞു.