ഷാര്‍ജ മുവൈലയില്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു

ലുലു ഗ്രൂപ്പിന്റെ 198-മത് ഹൈപര്‍ മാര്‍ക്കറ്റ് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഉവൈസ് ഷാര്‍ജ മുവൈലയില്‍ ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ലുലു ഡയറക്ടര്‍ എം.എ സലീം, ലുലു ഷാര്‍ജ റീജ്യണല്‍ ഡയറക്ടര്‍ നൗഷാദ് എം.എ സമീപം

ഷാര്‍ജ: ലുലു ഗ്രൂപ്പിന്റെ 198-ാമത് ഹൈപര്‍ മാര്‍ക്കറ്റ് ഷാര്‍ജ മുവൈലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ അബ്ദുള്ള സുല്‍ത്താന്‍ അല്‍ ഉവൈസ് ആണ് ലുലു ഗ്രൂപ്പിന്റെ 2021ലെ ആദ്യ ഹൈപര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്.
170,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നാലു നിലകളിലായാണ് ആധുനിക രീതിയില്‍ സജ്ജീകരിച്ച ലുലു ഹൈപര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിശാലമായ ഫുഡ് കോര്‍ട്ട്, എക്‌സ്‌ചേഞ്ച്, ജ്വല്ലറി, ഫാര്‍മസി തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഹൈപര്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
2021ലെ ലുലു ഗ്രൂപ്പിന്റെ ആദ്യ ഹൈപര്‍ മാര്‍ക്കറ്റ് ഷാര്‍ജ മുവൈലയിലെയും സമീപ പ്രദേശങ്ങളിലെയും സ്വദേശികള്‍ക്കും താമസക്കാര്‍ക്കും നവീനമായ ഷോപ്പിംഗ് അനുഭവമായിരിക്കും നല്‍കുകയെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും വാണിജ്യ-വ്യവസായ മേഖലകളില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമാണ്. ഭരണ നേതൃത്വത്തിന്റെ യഥാസമയമുള്ള ഇടപെടലുകള്‍ ഭക്ഷ്യ വസ്തുക്കള്‍ യഥേഷ്ടം രാജ്യത്ത് ലഭ്യമാക്കാന്‍ സഹായിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിലും കൂടുതല്‍ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ ഇകൊമേഴ്‌സ് സ്റ്റോറുകള്‍ ഉള്‍പ്പെടെ 12 ഹൈപര്‍ മാര്‍ക്കറ്റുകളാണ് ലുലു വിവിധ രാജ്യങ്ങളില്‍ തുറന്നത്. യുഎഇയില്‍ മാത്രം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20ലധികം ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു. ഷാര്‍ജ ബുതീന, സംനാന്‍, ദുബൈ സിലികണ്‍ ഒയാസിസ്, സത്‌വ, മന്‍ഖൂല്‍, സൂഖ് വര്‍സാന്‍, ദുബൈ സൗത്ത്, അബുദാബി, റിയാദ് സിറ്റി, അല്‍വത്ബ തുടങ്ങിയവ ഉള്‍പ്പെടെയാണിത്.
ലുലു ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ലുലു ഡയറക്ടര്‍ എം.എ സലീം, ലുലു ഷാര്‍ജ റീജ്യണല്‍ ഡയറക്ടര്‍ നൗഷാദ് എം.എ, ലുലു കോര്‍പറേറ്റ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.