മകരവിളക്ക് ഇന്ന്; സന്നിധാനം ഭക്തിനിര്‍ഭരം

5
അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് പതിനെട്ടാംപടികയറുന്ന ഭക്തര്‍.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി

പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് ഇന്ന് നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില് 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം.
തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ നടന്നു. ഇന്നലെ ഉച്ചപൂജയോട് അനുബന്ധിച്ച് ബിംബ ശുദ്ധിക്രിയയും നടന്നു. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ഇന്ന് വൈകുന്നേരം ആറരയോടുകൂടി അയ്യപ്പസന്നിധിയില്‍ എത്തും. തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളില്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, ദേവസ്വംബോര്‍ഡ് മെമ്പര്‍മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് ശ്രീകോവിലേക്ക് ആചാരപൂര്‍വ്വം ആനയിക്കുന്ന തിരുവാഭരണ പേടകം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയും ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തും. ശേഷം തിരുവാഭരണം ചാര്‍ത്തി ദീപാരാധന. മകരജ്യോതി ദര്‍ശനം ദീപാരാധനയോട് അനുബന്ധിച്ചു നടക്കും. ദീപാരാധനയ്ക്ക് ശേഷം ഏറ്റവും വിശേഷപ്പെട്ട മകരസംക്രമ പൂജയും നടക്കും. പൂജയുടെ മധ്യത്തില്‍തിരുവിതാംകൂര്‍കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന നെയ്‌ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും.
പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര മകരവിളക്ക് ദിവസമായ ഇന്ന് പുലര്‍ച്ചെ മൂന്നിന് ളാഹയില്‍നിന്നും പുറപ്പെട്ട് വലിയാനവട്ടം, ചെറിയാനവട്ടം വഴി നീലിമല കയറി അപ്പാച്ചിമേട് വഴി വൈകുന്നേരം അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ദേവസ്വം ബോര്‍ഡ് ആചാരപൂവ്വം തിരുവാഭരണം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ജീവനക്കാരാണ് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് ആനയിക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മകരവിളക്ക് ഉത്സവത്തിന് ശബരിമല സന്നിധാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു പറഞ്ഞു. ഭക്തര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ദര്‍ശനം നടത്തണമെന്ന നിര്‍ദേശം കൂടിയുള്ള മകരവിളക്കാണിത്. മുന്‍കാലങ്ങളില്‍മൂന്നുലക്ഷത്തോളം ഭക്തര്‍എത്തിയിരുന്ന മകരവിളക്കിന് ഇത്തവണ 5000 പേര്‍മാത്രമാണ് എത്തുന്നത്.
സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പോലീസും മറ്റ് വകുപ്പുകളും ചേര്‍ന്ന് പൂര്‍ത്തിയാക്കി. എഡിജിപി എസ്. ശ്രീജിത്തിന്റെയും എസ്പി കെ. രാധാകൃഷ്ണന്റെയും നേതൃത്വത്തിലാണ് പോലീസ് സേന പ്രവര്‍ത്തിക്കുക. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി വിവിധ ഇടങ്ങളില്‍ ബാരിക്കേഡുകളും ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള് നേരിടാന്‍ആംബുലന്‍സ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മകരജ്യോതി ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രത്തിന് പോലീസിനെ സജ്ജമാക്കിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതിനായി ജില്ലയില്‍ 13 മേഖലകളായി തിരിച്ചു പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം ഇന്ന് രാവിലെ മുതല്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.