മലബാര്‍ എക്‌സ്പ്രസില്‍ തീപ്പിടിത്തം; വന്‍ദുരന്തം ഒഴിവായി

മലബാര്‍ എക്‌സ്പ്രസില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ ശ്രമിക്കുന്ന റെയില്‍വേ ജീവനക്കാരും യാത്രക്കാരും

പാര്‍സല്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മലബാര്‍ എക്‌സ്പ്രസിലെ തീപ്പിടിത്തത്തില്‍ ഒഴിവായത് വലിയ ദുരന്തം. തുടക്കത്തില്‍ തന്നെ തീപ്പിടിത്തം ശ്രദ്ധയില്‍ പെട്ടതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. ഇന്നലെ പുലര്‍ച്ചെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് മലബാര്‍ എക്‌സ്പ്രസിന്റെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായത്.
ബോഗിയില്‍ നിന്ന് പുക ഉയര്‍ന്നതിനെതുടര്‍ന്ന് യാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. തീപിടിച്ച ബോഗി മറ്റ് കോച്ചുകളില്‍ നിന്ന് പെട്ടെന്ന് തന്നെ വേര്‍പ്പെടുത്തി. അരമണിക്കൂറിനുള്ളില്‍ തീയണക്കാന്‍ കഴിഞ്ഞു.ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തീപിടിത്തവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലുള്ള പാര്‍സല്‍ ക്ലാര്‍ക്കിനെയാണ് പാലക്കാട് ഡിവിഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. തീപ്പിടിത്തമുണ്ടായ പാര്‍സല്‍ ബോഗിയില്‍ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളില്‍ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബൈക്കുകള്‍ ലോഡ് ചെയ്യുമ്പോള്‍ പെട്രോള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നാണ് നിയമം. ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. തീ പിടിച്ച ബോഗി ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയതിനാല്‍ തീ മറ്റ് കോച്ചുകളിലേക്ക് പടരുന്ന സാഹചര്യം ഒഴിവായെന്നും റെയില്‍വേ അറിയിച്ചു. തീപ്പിടിത്തത്തിനുള്ള കാരണം റെയില്‍വേ പരിശോധിച്ചു വരികയാണ്.