‘മേനി പറച്ചില്‍ പോര; കെല്‍പ്പില്ലാത്ത ഒരു വകുപ്പും മന്ത്രിയും’

മന്ത്രി ജലീലിന്റെ പോസ്റ്റിന് മറുപടിയുമായി കോളജ് ജീവനക്കാര്‍

ചര്‍ച്ചയായി അധ്യാപികയുടെ കമന്റ്

മലപ്പുറം: തോമസ് ഐസക്കിന്റെ ബജറ്റിനെ പുകഴ്ത്തി മന്ത്രി ജലീല്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിന് വന്ന കമന്റും മന്ത്രിയുടെ മറുപടി കമന്റും ചര്‍ച്ചയാകുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്നും കഴിഞ്ഞ നാലര വര്‍ഷം ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടായെന്നും സമര്‍ത്ഥിക്കുന്ന പോസ്റ്റിനെതിരെ കോളെജ് അധ്യാപകരും ജീവനക്കാരും തന്നെ പ്രതികരണവുമായി വന്നിരിക്കുകയാണ്.
ഇടത് ഭരണത്തിലെ ഉന്നതവിഭ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും ഏറെ ദുരിതം സമ്മാനിച്ച വര്‍ഷങ്ങളാണ് കടന്നുപോകുന്നതെന്നും ഇടത് പ്രൊഫൈലുകളില്‍ നിന്നുവരെ കമന്റ് വന്നു. ഉന്നതവിദ്യാഭ്യാസ രംഗത്തിന് മാത്രമായി മന്ത്രിയുള്ള ഭരണത്തില്‍ വലിയ അവഗണനയാണ് ഈ രംഗം നേരിട്ടതെന്നും തെളിവ് സഹിതം പലരും മറുപടി നല്‍കി.
അസിസ്റ്റന്റ് പ്രൊഫസറായ ആതിര പ്രകാശ് മാടപ്പാട്ടിന്റെ കമ്മന്റാണ് ഏറെ ചര്‍ച്ചയായത്. ഇതിന് മറുപടിയുമായി മന്ത്രി തന്നെ എത്തിയതോടെ പുതിയ ചര്‍ച്ചകള്‍ക്ക് വേദിയായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ”പതിനാലു വര്‍ഷം മുമ്പത്തെ അതായത് 2006 റെഗുലേഷന്‍ പ്രകാരമുള്ള ശബളം വാങ്ങി ജോലി ചെയ്യുന്ന കോളജ് അധ്യാപകര്‍ക്ക് 2016 റെഗുലേഷന്‍ പ്രകാരമുള്ള ശബളം കൊടുത്തിട്ട് മതി ഇൗ മേനി പറച്ചില്‍. പിശകില്ലാതെ ഒരു ഉത്തരവ് ഇറക്കാന്‍ കെല്‍പ്പിലാത്ത ഒരു വകുപ്പും മന്ത്രിയും വന്നിരിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തെ നശിപ്പിച്ചു മതിയായില്ലേ” എന്നായിരുന്നു ഇവരുടെ കമന്റ്. ഇതിന് 21 മണിക്കൂറിനുള്ളില്‍ 991 പേരാണ് പിന്തുണയുമായി എത്തിയത്.
‘അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് കുറച്ചുകൂടെ മാന്യതയാകാം. കുട്ടികളെ പഠിപ്പിക്കുന്നതും ഇത്തരം ഭാഷയിലാണോ?. വിതച്ചതല്ലേ കൊയ്യൂ.’ എന്നായിരുന്നു മന്ത്രി ജലീലിന്റെ മറുപടി. എന്നാല്‍ മന്ത്രിയുടെ മറുപടിക്ക് കാര്യമായ പിന്തുണ കിട്ടിയില്ല. ഇതിനെതിരെ ആതിര പ്രകാശ് വീണ്ടും മറുപടി നല്‍കി. ഞാന്‍ പറഞ്ഞതില്‍ വസ്തുതാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടോ സര്‍ എന്നായിരുന്നു ആതിര പ്രകാശിന്റെ മറുപടി. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ മന്ത്രിയെത്തിയില്ല.
മന്ത്രിയുടെ മറുപടിക്കെതിരെ നിരവധിയാളുകളാണ് വിമര്‍ശനവുമായി വന്നത്. കാര്യം പറയുമ്പോള്‍ അസഹിഷ്ണുത കാണിക്കുന്ന മന്ത്രിയെന്ന് കെടി ജലീല്‍ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും മാന്യമായി മറുപടി പറയാന്‍ മന്ത്രി പഠിക്കണമെന്നും സോഷ്യല്‍ മീഡിയ വഴി പലരും പ്രതികരിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടെങ്കില്‍ അതു പറയണമെന്നും ഭീഷണിയുടെ സ്വരം ഒരു മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും പലരും പറയുന്നു.
ഇതര സംഘടനകളെയും രാഷ്ട്രീയ പ്രതിയോഗികളെയും വളരെ മോശപ്പെട്ട രീതിയില്‍ വിമര്‍ശിച്ച് പല തവണ വിവാദത്തില്‍പ്പെട്ടിരുന്നു. ഫെയ്‌സ്ബുക്കില്‍ മ ന്ത്രിയോട് മാന്യമായി ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ബ്ലോക്ക് ചെയ്ത് രക്ഷപ്പെടാറാണ് പതിവ്.