മെസിക്ക് ചുവപ്പ്, സൂപ്പര്‍ കപ്പ് ബില്‍ബാവോക്ക്

സൂപ്പര്‍ കപ്പ് ഫൈനലിന്റെ അവസാന മിനുട്ടില്‍ എതിരാളിയെ വെട്ടി വീഴ്ത്തിയ കുറ്റത്തില്‍ ചുവപ്പ് കാര്‍ഡ് മടങ്ങുന്ന ബാര്‍സിലോണയുടെ നായകന്‍ ലിയോ മെസി

ബാര്‍സാ ജഴ്‌സിയില്‍ ആദ്യ ചുവപ്പ്, 12 മല്‍സരങ്ങള്‍ വരെ നഷ്ടമാവാം. ബില്‍ബാവോക്ക് ചരിത്രനേട്ടം

മാഡ്രിഡ്: ബാര്‍സിലോണയുടെ ജഴ്‌സിയില്‍ നായകന്‍ ലിയോ മെസി ആദ്യമായി ചുവപ്പ് കാര്‍ഡ് കണ്ട് സൂപ്പര്‍ കപ്പ് ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോ ചാമ്പ്യന്മാര്‍. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അവരുടെ വിജയം. ബാര്‍സാ കുപ്പായത്തില്‍ 753-ാമത് മല്‍സരം കളിക്കവെയാണ് മെസി ചുവപ്പില്‍ പുറത്താക്കപ്പെട്ടത്. കരിയറില്‍ മുമ്പ് രണ്ട് തവണ മെസി ചുവപ്പ് കണ്ടിരുന്നെങ്കിലും അതെല്ലാം ദേശീയ കുപ്പായത്തിലായിരുന്നു. രണ്ട് തവണ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രിസ്മാന്റെ ഗോളുകളില്‍ ബാര്‍സ ലീഡ് നേടിയിരുന്നു. എന്നാല്‍ ബില്‍ബാവോക്കായി ഓസ്‌ക്കാര്‍ ഡി മാര്‍ക്കോസും വില്ലിബ്രിയായും ഗോളുകള്‍ മടക്കി. 2-2 ല്‍ അധികസമയത്തേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ഇനാകി വില്ല്യംസ് ബില്‍ബാവോയുടെ നിര്‍ണായക ഗോള്‍ കരസ്ഥമാക്കി. 120-ാം മിനുട്ടിലായിരുന്നു മെസി പുറത്താക്കപ്പെട്ട സംഭവം. ഗോള്‍ സ്‌ക്കോററായ വില്ലിബ്രിയെ മെസി കൈ കൊണ്ട് ഇടിച്ചിടുകയായിരുന്നു. റഫറി സംഭവം കണ്ടിരുന്നില്ല. അദ്ദേഹം വീഡിയോ റഫറിയുടെ തീരുമാനം തേടിയപ്പോഴാണ് മെസി പുറത്താക്കപ്പെട്ടത്. 33 കരനായ ബാര്‍സാ നായകന്‍ കരിയറില്‍ ആദ്യമായി ചുവപ്പ് കണ്ടത് 2005 ലായിരുന്നു. ഹംഗറിക്കെതിരെ രാജ്യത്തിനായി ആദ്യ മല്‍സരം കളിച്ച വേളയില്‍. 2019 ലെ കോപ്പ അമേരിക്കയിലെ ലൂസേഴ്‌സ് ഫൈനലില്‍ ചിലിക്കെതിരായ മല്‍സരത്തിലായിരുന്നു വീണ്ടും ചുവപ്പ് കണ്ടത്. സൂപ്പര്‍ കപ്പിലെ ചുവപ്പ് കാരണം ഒരു പക്ഷേ 12 മല്‍സര സസ്‌പെന്‍ഷനാണ് മെസിയെ കാത്തിരിക്കുന്നത്. സ്പാനിഷ് ഫുട്‌ബോള്‍ അധികാരികളുടെ കൈവശമാണ് അന്തിമതീരുമാനം. ആഭ്യന്തര ചാമ്പ്യന്‍ഷിപ്പായതിനാല്‍ വിലക്ക് ലാലീഗ മല്‍സരങ്ങളെയും ബാധിക്കും. മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ കപ്പ് ഉറപ്പാക്കിയിരുന്നു ബാര്‍സ. റൊണാള്‍ഡോ കൂമാന്‍ എന്ന ഡച്ചുകാരന്‍ ചുമതലയേറ്റ ശേഷം ലഭിച്ചേക്കാവുന്ന ആദ്യ കിരീടം. 14 തവണ ഈ കിരീടം സ്വന്തമാക്കിയിട്ടുള്ള ബാര്‍സക്ക് പക്ഷേ നിശ്ചിത സമയത്തിന്റെ അവസാന സെക്കന്‍ഡിലാണ് സമനില സമ്മതിക്കേണ്ടി വന്നത്. തുടര്‍ന്നായിരുന്നു അധികസമയം. ഗ്രിസ്മാന്റെ തകര്‍പ്പന്‍ വോളിയായിരുന്നു ആദ്യ ഗോള്‍. ഇതിന് ഡി മാര്‍ക്കോസ് മറുപടി നല്‍കി. ജോര്‍ദി ആല്‍ബയുടെ ക്രോസില്‍ നിന്ന് വീണ്ടും ഗ്രീസ്മാന്‍ നേടിയ ഗോളാണ് ബാര്‍സയെ കപ്പിന് അരികില്‍ എത്തിച്ചത്. പക്ഷേ അവസാന മിനുട്ടില്‍ വിലിബ്രെ വില്ലനായി. സെമിയില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചവരാണ് ബില്‍ബാവോ. 1960 ന് ശേഷം ആദ്യമായാണവര്‍ റയലിനെയും ബാര്‍സയെയും തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കുന്നത്.