മന്ത്രിക്കെതിരായ ലൈംഗീകാരോപണം ഗൗരവതരമെന്ന് ശരത് പവാര്‍

5
ധനഞ്ജയ് മുണ്ടെ

മുംബൈ: മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും എന്‍. സി.പി നേതാവുമായ ധനഞ്ജയ് മുണ്ടെക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ഗൗരവതരമാണെന്ന് പാര്‍ട്ടി പ്രസിഡന്റ് ശരത് പവാര്‍. വിഷയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും തെറ്റുകാരനാണെന്ന് തെളിഞ്ഞാല്‍ മുണ്ടെക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കഴിഞ്ഞദിവസം മുണ്ടെയുമായി കൂടിക്കാഴ്ച നടത്തി. ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് ഉടന്‍ നടപടി സ്വീകരിക്കും’- പവാര്‍ പറഞ്ഞു. ബി. ജെ.പിയിലായിരുന്ന ധനജ്ഞയ് മുണ്ടെ2013 ലാണ് എന്‍.സി.പിയില്‍ ചേര്‍ന്നത്. 2006ല്‍ മുതല്‍ പലതവണ മന്ത്രി ബലാത്സംഗം ചെയ്‌തെന്ന് മുംബൈ സ്വദേശിനിയായ ഗായികയാണ് പരാതി നല്‍കിയത്. എന്നാല്‍ ആരോപണം നിഷേധിച്ച ധനഞ്ജയ് മുണ്ടെ ഗായികയുമായി തനിക്ക് ബന്ധമില്ലെന്നും ഗായികയുടെ സഹോദരിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നും വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനാണ് ആരോപണം ഉന്നയിക്കുന്നതെന്നും മുണ്ഡെ പറഞ്ഞു.
സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. ഗായികയുമായി തനിക്ക് ബന്ധമില്ല. എന്നാല്‍ ഗായികയുടെ സഹോദരിയുമായി 2003 മുതല്‍ വിവാഹേതര ബന്ധം പുലര്‍ത്തുന്നുണ്ട്. ആ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ടെന്നും തന്റെ കുടുംബത്തിന് ഇക്കാര്യം അറിയാമെന്നും ധനഞ്ജയ് മുണ്ടെ വ്യക്തമാക്കി.
അതേസമയം മുണ്ടെക്കതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. വിവാഹേതര ബന്ധം മറച്ചുവെച്ചതിനും കുട്ടികള്‍, സ്വത്ത് തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നുമാണ് പരാതി.