മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ അന്തരിച്ചു

മോഹന്‍ വടയാര്‍

ഷാര്‍ജ: ഗള്‍ഫിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മോഹന്‍ വടയാര്‍ ( മോഹന ചന്ദ്രന്‍ 64) നാട്ടില്‍ അന്തരിച്ചു. രോഗബാധിതനായി കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കോട്ടയം വടയാര്‍ സ്വദേശിയായ മോഹനചന്ദ്രന്‍ 1985ല്‍ ജിദ്ദയില്‍ ‘സൗദി ഗസറ്റി’ല്‍ റിപ്പോര്‍ട്ടറായാണ് മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്. നേരത്തെ, നാട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചിരുന്നു. എട്ടു വര്‍ഷത്തോളം സൗദി ഗസറ്റില്‍ ജോലി ചെയ്ത ശേഷം ഷാര്‍ജയിലെത്തി. 15 വര്‍ഷം ‘ദി ഗള്‍ഫ് ടുഡേ’ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. ‘ദൈവങ്ങള്‍ ഉറങ്ങിയ സന്ധ്യ’ എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: സ്വര്‍ണലത. മക്കള്‍: വീണാ വിനോദ് (ഡല്‍ഹി പ്രൈവറ്റ് സ്‌കൂള്‍, ദുബൈ), കാവ്യാ മോഹന്‍ (ഷാര്‍ജ). മരുമകന്‍: വിനോദ് (യുഎഇ എക്‌സ്‌ചേഞ്ച്), രഞ്ജിത് (ഷാര്‍ജ).