മുസ്‌ലിം യാത്രാ വിലക്ക് ആദ്യ ദിനം തന്നെ റദ്ദാക്കും

വാഷിങ്ടണ്‍: അമരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസം തന്നെ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വിവാദ യാത്രാ വിലക്ക് പിന്‍വലിക്കാന്‍ ജോ ബൈഡന്‍ തയാറെടുക്കുന്നു. വൈറ്റ് ഹൗസിലെ ആദ്യ ദിനത്തില്‍ ബൈഡന്‍ പുറത്തിറക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒന്നായിരിക്കും ഇതെന്ന് നിയുക്ത വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയിന്‍ പുറത്തുവിട്ട മെമ്മോ വ്യക്തമാക്കുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന നിരവധി വിവാദ നയങ്ങളും തീരുമാനങ്ങളും ഭരണത്തിന്റെ ആദ്യ 10 ദിവസത്തിനകം തന്നെ പൊളിച്ചെഴുതാനാണ് ബൈഡന്‍ ഉദ്ദേശിക്കുന്നത്.
ദശലക്ഷണക്കിന് ആളുകള്‍ക്ക് യു.എസ് പൗരത്വം ലഭിക്കുന്ന കുടിയേറ്റ നിയമ നിര്‍മാണം, പാരിസ് കാലാവസ്ഥാ ഉടമ്പടിയിലെ പുന:പ്രവേശനം, പുതിയ കോവിഡ് പ്രതിരോധ നടപടികള്‍ എന്നിവയെല്ലാം പ്രസിഡന്റായി ചുമതലയേറ്റ ഉടന്‍ എടുക്കാനിരിക്കുന്ന സുപ്രധാന തീരുമാനങ്ങളാണ്. 2017ല്‍ ഏഴ് മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ട്രംപിന്റെ വിവാദ ഉത്തരവ് അന്താരാഷ്ട്രതലത്തില്‍ അമേരിക്കയെ നാണംകെടുത്തിയിരുന്നു. ഉത്തരവിനെതിരെ യു.എസ് കോടതികള്‍ ഉറച്ച നിലപാടെടുത്തെങ്കിലും ഭാഗികമായി ഇപ്പോഴും നിയമം പ്രാബല്യത്തിലുണ്ട്.
വിദ്വേഷത്തിന്റെ വിഷം സമൂഹത്തില്‍നിന്ന് നീക്കം തുടച്ചുനീക്കാന്‍ ശ്രമിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ട്രംപിന്റെ നയ വൈകല്യങ്ങള്‍ തിരുത്തുകയായിരിക്കും പ്രസിഡന്റായ ശേഷം ചെയ്യുന്ന ആദ്യ ജോലി. ഇറാനുമായുള്ള ആണവ കരാറില്‍ പുന:പ്രവേശിക്കുമെന്ന് ബൈഡന്‍ സൂചിപ്പിച്ചിരുന്നു.