ഇമാലിന്യ പുന:ചംക്രമണ ബോധവത്കരണം: നാദിയ ടീച്ചര്‍ക്ക് ആദരം

214
ഷാര്‍ജ ഗവണ്‍മെന്റ് റീസൈക്‌ളിംഗ് ഡിപാര്‍ട്‌മെന്റ് ഇന്‍സ്‌പെക്ടര്‍ അഹമ്മദലി അല്‍അന്‍സാരി ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപിക നാദിയ ടീച്ചറെ ആദരിച്ചപ്പോള്‍

ഷാര്‍ജ: കോവിഡ് 19 സൃഷ്ടിച്ച പ്രതികൂല സാഹചര്യം വിദ്യാഭ്യാസ രംഗത്ത് സമൂല പരിവര്‍ത്തനങ്ങള്‍ക്കാണ് തിരി കൊളുത്തിയത്. ക്‌ളാസ് റൂമില്‍ ബോര്‍ഡും പേനയും ഉപയോഗിച്ചുള്ള പരമ്പരാഗത വിദ്യാഭ്യാസം ഓണ്‍ലൈന്‍ പഠനത്തിലേക്ക് വഴി മാറിയപ്പോള്‍, ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ആധുനികവത്കരണത്തിന് ക്രിയാത്മകമായ സംഭാവനകളാണ് നല്‍കിയത്. എന്നാല്‍, നൂതന സാങ്കേതിക വിദ്യകള്‍ മനുഷ്യ സമൂഹത്തിനും പ്രകൃതിക്കും ഏല്‍പ്പിക്കുന്ന ദുരന്തങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അധ്യാപിക നാദിയ സൈനുല്‍ വേറിട്ട ഒരാശയ പ്രചാരണവുമായി രംഗത്തെത്തുന്നത്.
ഉപയോഗ ശൂന്യമായ മൊബൈല്‍, ലാപ്‌ടോപ്, ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍ തുടങ്ങി ബഹുവിധ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെ മനുഷ്യനും പ്രകൃതിക്കും ഹാനികരമാവാതെ പുന:ചംക്രമണം നടത്താമെന്ന് നാദിയ വിശദീകരിക്കുന്നു. സ്‌കൂളിലെ അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും അവബോധം സൃഷ്ടിക്കാനായി നാദിയ തുടങ്ങിയ കാമ്പയിന്‍ ഷാര്‍ജയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളും പൊതുജനങ്ങളും വര്‍ധിതാവേശത്തോടെയാണ് സ്വീകരിച്ചത്. പ്‌ളാസ്റ്റിക് സൃഷ്ടിക്കുന്ന അപകടങ്ങളെ കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്‍മാരാണെങ്കിലും, അതിനെക്കാള്‍ മാരകമായ ഇമാലിന്യത്തെ കുറിച്ച് ആധുനിക സമൂഹം വേണ്ടത്ര ജാഗരൂകമല്ലെന്നാണ് നാദിയ ടീച്ചര്‍ തന്റെ കാമ്പയിന്‍ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നത്. ‘ഗ്രീന്‍ പ്‌ളഗ് ഇ സൈക്കിള്‍ യുഎഇ’ എന്ന് പേരിട്ട കാമ്പയിനില്‍ ടണ്‍ കണക്കിന് ഇമാലിന്യങ്ങള്‍ ശേഖരിച്ച് ഷാര്‍ജ ഗവണ്‍മെന്റിന് കീഴിലുള്ള പരിസ്ഥിതി മാനേജ്‌മെന്റ് കമ്പനിയായ ‘ബീഅ’ക്ക് ഇതിനകം നാദിയ ടീച്ചര്‍ കൈമാറിക്കഴിഞ്ഞു. ഇമാലിന്യങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എങ്ങനെ നിര്‍മിച്ചെടുക്കാമെന്ന് സെമിനാറുകള്‍ സംഘടിപ്പിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതോടൊപ്പം തന്നെ, തന്റെ വെബ്‌സെറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്രചാരണങ്ങളിലൂടെയും ശക്തമായ ബോധവത്കരണവും സമൂഹത്തിന് നല്‍കുന്നു. എവിടെയെല്ലാം ഇമാലിന്യങ്ങള്‍ ഉണ്ടോ അവിടെയെല്ലാമെത്തി അവ ശേഖരിച്ച് പരിസ്ഥിതി കമ്പനിക്ക് പുനരുപയോഗത്തിനായി സമര്‍പ്പിക്കുകയാണ് ടീച്ചര്‍.
എറണാകുളം സ്വദേശിനിയായ നാദിയ തുടക്കമിട്ട ഒറ്റയാള്‍ പോരാട്ടത്തിന് പിന്തുണയുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സഹപ്രവര്‍ത്തകരും രംഗത്തിറങ്ങിയപ്പോള്‍, ഷാര്‍ജ ഗവണ്‍മെന്റിന്റെ അംഗീകാരവും നാദിയ ടീച്ചറെ തേടിയെത്തി. ഷാര്‍ജ ഗവണ്‍മെന്റ് റീസൈക്‌ളിംഗ് ഡിപാര്‍ട്‌മെന്റിലെ ഇന്‍സ്‌പെക്ടര്‍ അഹമ്മദലി അല്‍ അന്‍സാരി നാദിയ ടീച്ചര്‍ക്ക് ആദരവുമായി എത്തിയത് ഏറെ സന്തോഷകരമായ അനുഭവമായി നാദിയ ഓര്‍ക്കുന്നു. ഓരോ വീട്ടിലും ഓഫിസിലുമുള്ള മാലിന്യങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള യജ്ഞവുമായി നാദിയ ടീച്ചര്‍ മുന്നോട്ടു പോവുകയാണ്.