നന്ദിഗ്രാമില്‍ നിന്നും ജനവിധി തേടുമെന്ന് മമത

സുവേന്ദു അധികാരിയെ തട്ടകത്തില്‍ നേരിടാന്‍ ദീദി എത്തുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നും ജനവിധി തേടുമെന്ന് മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജി. തൃണമൂല്‍ വിട്ട് ബി.ജെ. പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയുടെ സിറ്റിങ് സീറ്റാണ് നന്ദിഗ്രാം. നന്ദിഗ്രാമിലെ തെലാകിയില്‍ നടന്ന റാലിയിലാണ് മമത തീരുമാനം പ്രഖ്യാപിച്ചത്.
നന്ദിഗ്രാം തന്റെ ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണെന്നും തന്റെ പേരു മറന്നാലും നന്ദിഗ്രാമിനെ മറക്കില്ലെന്നും മമത പറഞ്ഞു. നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തന്നെ അനുവദിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുബ്രത ബക്ഷിയോട് ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു. അതേ സമയം തന്റെ സിറ്റിങ് മണ്ഡലമായ ഭവാനിപൂരിലെ ജനങ്ങളെ കൈവിടില്ലെന്നും അവിടേക്ക് മികച്ച സ്ഥാനാര്‍ത്ഥിയെ നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 34 വര്‍ഷത്തെ ഇടത് ഭരണത്തിന് അറുതി വരുത്തി ബംഗാളില്‍ തൃണമൂല്‍ അധികാരം പിടിച്ചതിന് പിന്നില്‍ സിംഗൂരിലേയും നന്ദിഗ്രാമിലേയും ഭൂമി ഏറ്റെടുക്കല്‍ സമരത്തിന് വലിയ പങ്കുണ്ട്.
ന്യൂനപക്ഷ കേന്ദ്രീകൃതമായ നന്ദിഗ്രാമില്‍ മമത മത്സരിക്കുന്നത് തന്ത്രത്തിന്റെ ഭാഗമായാണ്. നിലവിലെ എം.എല്‍.എ സുവേന്ദു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ടി.എം.സിക്ക് ഭീഷണി സൃഷ്ടിക്കുമെന്ന പ്രചാരണത്തിനിടെയാണ് സുവേന്ദുവിനെ തട്ടകത്തില്‍ തന്നെ നേരിടാന്‍ മമത കച്ച കെട്ടി ഇറങ്ങുന്നത്. തൃണമൂല്‍ വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നവര്‍ക്ക് തന്റെ ആശംസകളെന്ന് പറഞ്ഞ മമത ഏതാനും ചിലര്‍ ചേര്‍ന്ന് ബംഗാളിനെ ബി. ജെ.പിക്ക് വില്‍ക്കുന്നതിനെ ചെറുക്കുമെന്നും വ്യക്തമാക്കി.
2009 മുതല്‍ ടി.എം.സി ജയിച്ചുവരുന്ന മണ്ഡലമാണ് നന്ദിഗ്രാം. അതേ സമയം തന്റെ റാലി കഴിയും വരെ കാത്തിരിക്കൂവെന്നായിരുന്നു മമതയുടെ തീരുമാനത്തോട് സുവേന്ദു അധികാരി പ്രതികരിച്ചത്. നന്ദിഗ്രാമില്‍ നിന്നും മത്സരിക്കുന്ന കാര്യം റാലിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മമത നന്ദിഗ്രാമില്‍ മത്സരിച്ചാല്‍ അര ലക്ഷം വോട്ടിനെങ്കിലും തോല്‍ക്കുമെന്നും അല്ലാത്ത പക്ഷം താന്‍ രാഷ്ട്രീയം വിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.