നെല്ലിയാമ്പതി പുഴയില്‍ മുങ്ങി രണ്ടു വിനോദ സഞ്ചാരികള്‍ മരിച്ചു

പാലക്കാട്: നെല്ലിയാമ്പതി കാണാനെത്തിയ തിരുപ്പൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഒരാളെ രക്ഷിച്ചു. തിരുപ്പൂര്‍ കങ്കയം നാച്ചിപ്പാളയം അങ്കാളമ്മന്‍ നഗര്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ കിഷോര്‍(22), തിരുപ്പൂര്‍ വെള്ളായങ്കോട് സുധ ഇല്ലത്തില്‍ മുത്തുവിന്റെ മകന്‍ കൃപാകര്‍(22) എന്നിവരാണ് മരിച്ചത്. കൃപാകറിന്റെ സഹോദരന്‍ ജ്ഞാനപ്രകാശ്(24) രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ 11.30 ന് കാരപ്പാറ പുഴയില്‍ വണ്ണാത്തിപ്പാലത്തിനു സമീപമാണ് അപകടം. സുഹൃത്തുക്കളും, കുടുംബാംഗങ്ങളുമായി എട്ടുപേര്‍ രണ്ടു കാറുകളിലാണ് നെല്ലിയാമ്പതി കാണാനായി എത്തിയത്. 11 മണിയോരെ കാരപ്പാറ പുഴയിലെത്തിയ ഇവര്‍ എല്ലാവരും പുഴയിലിറങ്ങി കുളിച്ചു. കുളിച്ചു കഴിഞ്ഞു തിരിച്ചു കയറുന്നതിനിടെ പുഴയിലൂടെ പോയ മീനിനെ പിടിക്കാനായി കൃപാകര്‍ വീണ്ടും പുഴയിലേക്ക് ഇറങ്ങി. കാല്‍വഴുതി താഴ്ച്ചയുള്ള ഭാഗത്തേക്ക് പോകുന്നത് കണ്ട് കൂടെയുണ്ടായിരുന്ന കിഷോര്‍ രക്ഷിക്കാനായി പുഴയിലേക്ക് ഇറങ്ങിയെങ്കിലും ചെളി നിറഞ്ഞതിനാല്‍ രണ്ടുപേരും മുങ്ങുകയായിരുന്നു. ഇത് കണ്ട് ജ്ഞാനപ്രകാശ് ഇവരെ രക്ഷിക്കുന്നതിനായി പുഴയിലേക്ക് ഇറങ്ങിയതും മൂവരും മുങ്ങുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവര്‍ ചേര്‍ന്ന് ജ്ഞാനപ്രകാശിനെ പുറത്തെടുത്തു.
പ്രാഥമിക ശുശ്രൂഷ നല്‍കി കൈകാട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് എത്തിച്ചു. ഇതിനിടെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും, വനപാലകരും, നാട്ടുകാരും സ്ഥലത്തെത്തി തിരിച്ചില്‍ നടത്തി. ആദ്യം കിഷോറിന്റെയും, പിന്നീട് കൃപാകറിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ ആസ്്്പത്രിയിലേക്ക് മാറ്റി. ഒന്നര മണിക്കൂര്‍ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.