
ദുബൈ: യുഎഇയിലെ പ്രമുഖ റീടെയ്ല്‍ ഗ്രൂപ്പായ നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റിന്റെ ചാരിറ്റബിള്‍ സംഘടനയായ എഐഎന്എ 2 ഡയാലിസിസ് മെഷീനുകള്‍ വിതരണം ചെയ്തു. വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റി’ലേക്കാണ് മെഷീനുകള്‍ നല്‍കിയത്. ആതുര സേവന രംഗത്ത് കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുന്നതില്‍ നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ മുന്‍നിരയില്‍ തന്നെ നില്ക്കുന്നു. നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റിന്റെ യുഎഇ ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ തണല്‍ ചെയര്മാന് ഡോ. ഇദ്രീസ് മെഷീനുകള്‍ ഏറ്റുവാങ്ങി. തണല്‍ നോര്‍തേണ്‍ എമിറേറ്റ്സ് കമ്മിറ്റി മെംബര്‍മാരായ ഷൗക്കത്ത്, മുസ്തഫ, മുഹമ്മദ്, ജമാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എഐഎന്എ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ഫാജിസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. അശരണര്‍ക്ക് ആശ്രയമാകുന്ന തണലിനോടൊപ്പം എന്നും നെസ്റ്റോ ഗ്രൂപ് ഉണ്ടാകുമെന്നും വരുംദിനങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന സഹായം അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുമെന്നും നെസ്റ്റോ അധികൃതര്‍ പറഞ്ഞു.