വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിച്ച ‘നൗഷേര സിംഹം’

2
മുഹമ്മദ് ഉസ്മാന്‍

 

ഹാരിസ് ബാഖവി കമ്പളക്കാട്

ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ സര്‍വകലാശാലാവളപ്പിലെ സ്മശാന കുടീരം സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തത് പോയവാരത്തില്‍ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു; മലയാള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും പ്രമുഖ പത്രങ്ങളും അത് വാര്‍ത്തയാക്കിയില്ലെങ്കിലും. അതൊരു രാജ്യ സ്‌നേഹിയായ മുസല്‍മാന്റെ ഖബറിടമായിരുന്നു. ‘നൗഷേര സിംഹം’ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍. രാജ്യത്തോട് കൂറുള്ള ഒരാളും ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത വീരപുത്രന്‍. 1947-48 കാലത്തെ ഇന്ത്യാ-പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഏറ്റവും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍. വിഭജനകാലത്ത് പാകിസ്താന്‍ വാഗ്ദാനം ചെയ്ത പരമോന്നത സൈനിക പദവി പോലും വേണ്ടെന്ന്‌വെച്ച് മതേതര കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ മണ്ണില്‍ ഉറച്ചുനിന്ന ധീരദേശാഭിമാനി.
സാമൂഹ്യ വിരുദ്ധര്‍ ഖബര്‍ തകര്‍ത്ത വാര്‍ത്തയിലൂടെ മുഹമ്മദ് ഉസ്മാനെ രാജ്യം കഴിഞ്ഞദിവസങ്ങളില്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുത്തു. നവഭാരതത്തില്‍ രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും കത്തിവെക്കുന്ന ആര്‍ക്കും പറയാവുന്ന ഓമനപ്പേരാണ് സാമൂഹ്യ വിരുദ്ധര്‍ എന്നത്. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകലാശാലക്കുള്ളിലുള്ള ഖബറിസ്ഥാനിലാണ് മുഹമ്മദ് ഉസ്മാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹത്തിന്റെ ഖബറിടം സാമൂഹ്യവിരുദ്ധര്‍ തകര്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കരസേനയുടെ ഉന്നതനേതൃത്വം തന്നെ നേരിട്ട് ഇടപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മൂന്നാം ദിവസം കേടുപാടുകള്‍ തീര്‍ത്ത മുഹമ്മദ് ഉസ്മാന്റെ ഖബറിടം പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കഴിയുംവിധം തുറന്നുകൊടുത്തു.
1912 ജൂലൈ 15ന് യു.പിയിലെ അസംഗഡ് ജില്ലയിലെ ബീബിപൂരിലായിരുന്നു ഉസ്മാന്റെ ജനനം. റോയല്‍ മിലിട്ടറി അക്കാദമിയില്‍ അഡ്മിഷന്‍ കരസ്ഥമാക്കി, 1934ല്‍ സെക്കന്‍ഡ് ലെഫ്റ്റനന്റ് ആയി. 1935ല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ബലൂച്ച് റജിമെന്റിന്റെ ഭാഗമായി. വിഭജനകാലത്ത് മേജറായിരുന്നു. ബലൂച്ച് റജിമെന്റിന്റെ ഭാഗമായിട്ടും ഇന്ത്യന്‍ ആര്‍മിയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ഉസ്മാന്‍ വ്യക്തമാക്കി. ഭാവിയില്‍ സൈനിക മേധാവിയാക്കാമെന്ന മോഹനവാഗ്ദാനം പാക്കിസ്താന്റെ രാഷ്ട്രീയ നേതൃത്വം മുന്നോട്ടുവെച്ചെങ്കിലും ഉസ്മാന്‍ കുലുങ്ങിയില്ല. അങ്ങനെ വിഭജനാനന്തരം ഡോഗ്ര റജിമെന്റിന്റെ ഭാഗമായി. അവിവാഹിതനായിരുന്ന മുഹമ്മദ് ഉസ്മാന്‍ തന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും വിനിയോഗിച്ചിരുന്നത് പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്. ഒരു അര്‍ധരാത്രിയുടെ വ്യത്യാസത്തില്‍ ജന്മംകൊണ്ട രണ്ടുരാജ്യങ്ങള്‍-ഇന്ത്യയും പാകിസ്താനും. പിറവിക്ക് പിന്നാലെ യുദ്ധഭൂമിയില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടി. 1947ല്‍ അതിര്‍ത്തിയില്‍ പാക് കാലനക്കം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുഹമ്മദ് ഉസ്മാനെ സൈന്യം അവിടേക്ക് അയച്ചു. 77ാം പാരച്യൂട്ട് ബ്രിഗേഡിന്റെ ഭാഗമായിരുന്നു അന്ന് ഉസ്മാന്‍. ഝാംഗറിലാണ് ബ്രിഗേഡിയര്‍ ഉസ്മാന്‍ ആദ്യം പാക് പട്ടാളത്തെ നേരിട്ടത്. വന്‍മുന്നേറ്റം നടത്തി പാക് പട്ടാളത്തെ തുരത്തി. നൗഷേരയില്‍ പാക് പട്ടാളത്തിന് വന്‍ ആള്‍നാശമാണ് മുഹമ്മദ് ഉസ്മാന്‍ വരുത്തിയത്. ആയിരത്തിലധികം പാക് സൈനികരാണ് നൗഷേരയില്‍ കൊല്ലപ്പെട്ടത്. ഇന്ത്യക്ക് നഷ്ടമായത് 33 സൈനികര്‍ മാത്രം. ഒടുവില്‍ ഉസ്മാന്റെ തലക്ക് പാകിസ്താന്‍ 50000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു; ഒരിക്കല്‍ സൈനിക മേധാവിയാക്കാമെന്ന് വാഗ്ദാനം ചെയ്ത അതേ പാകിസ്താന്‍.
നൗഷേരയിലെ മുന്നേറ്റത്തിലൂടെ മുഹമ്മദ് ഉസ്മാന്‍ നൗഷേര സിംഹമായി അറിയപ്പെടാന്‍ തുടങ്ങി. 1947ന്റെ അവസാനം കൈവിട്ടുപോയ ഝാംഗര്‍ പിടിച്ചെടുക്കാതെ കിടക്കയില്‍ കിടന്ന് ഉറങ്ങില്ലെന്ന് ശപഥം ചെയ്ത മുഹമ്മദ് ഉസ്മാന്‍ തറയില്‍ പായ വിരിച്ചാണ് ഉറങ്ങിയിരുന്നതത്രെ. ഒടുവില്‍ 1948 ജൂലൈയില്‍ ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്റെ നേതൃത്വത്തില്‍ തന്നെ ഇന്ത്യ ഝാംഗര്‍ പിടിച്ചെടുത്തു. പക്ഷെ പാകിസ്താനുമായുള്ള ശക്തമായ മുന്നേറ്റത്തിനിടയില്‍ 1948 ജൂലൈ മൂന്നിന് മുഹമ്മദ് ഉസ്മാന്‍ യുദ്ധഭൂമിയില്‍ വീരമൃത്യുവരിച്ചു. രാജ്യം തേങ്ങി. മുപ്പത്തിയാറ് വയസ്സ് പൂര്‍ത്തിയാവാന്‍ ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളു.
ബ്രിഗേഡിയര്‍ ഉസ്മാന് അര്‍ഹിക്കുന്ന വിടവാങ്ങലാണ് അന്ന് രാജ്യം നല്‍കിയത്. ഖബറടക്ക ചടങ്ങില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, രാജഗോപാലാചാരി, മുതിര്‍ന്ന മന്ത്രിമാര്‍ അടക്കം പ്രമുഖര്‍ പങ്കെടുത്തു. യുദ്ധകാലത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സൈനിക ബഹുമതിയായ മഹാവീര്‍ചക്ര നല്‍കി മരണാനന്തരം രാജ്യം ഓര്‍മിക്കുകയും ചെയ്തിരുന്നു. ഇന്നും ഉസ്മാന്റെ ഖബറിടത്തിന് വളരെ വലിയ പ്രാധാന്യമാണ് സൈന്യം നല്‍കിക്കൊണ്ടിരിക്കുന്നത്. ചരിത്രം തമസ്‌കരിക്കപ്പെടുകയും നവ ചരിത്ര നിര്‍മിതികള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വര്‍ത്തമാന ഇന്ത്യയില്‍ ഉസ്മാനെയും തന്റെ രാജ്യസേവനങ്ങളേയും പുതു തലമുറക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്.