ചോദ്യംചെയ്യാന്‍ സമന്‍സയച്ച് എന്‍.ഐ.എ; ഹാജരാകില്ലെന്ന് കര്‍ഷക സംഘടനാ നേതാവ്

ന്യൂഡല്‍ഹി: വിപ്ലവമുണ്ടാക്കാനും ക്രമസമാധാനം തകര്‍ക്കാനും ശ്രമിച്ചുവെന്നാരോപിച്ച് കര്‍ഷക സംഘടനാ നേതാവിനെതിരെ എന്‍.ഐ.എയുടെ സമന്‍സ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയിലും പ്രാന്ത പ്രദേശങ്ങളിലുമായി വിവിധ സംഘടനകള്‍ പ്രക്ഷോഭം തുടരവെയാണ്, ഇതില്‍ ഉള്‍പ്പെട്ട സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന സംഘടനയുടെ പ്രസിഡണ്ട് ബല്‍ദേവ് സിങ് സിര്‍സക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഡല്‍ഹിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് നേരില്‍ ഹാജരാകാനാണ് നിര്‍ദേശം.
കേന്ദ്ര സര്‍ക്കാറിനെതിരെ വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ചു, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അധ്യക്ഷന്‍ കൂടിയാണ് സിര്‍സ.
അതേസമയം കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാനുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ ശ്രമമാണ് നോട്ടീസിനു പിന്നിലെന്ന് സിര്‍സ ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ കൊണ്ട് ഭയപ്പെടുത്താനാവില്ല. കര്‍ഷക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും ഇന്ന് എന്‍.ഐ.ക്കു മുമ്പാകെ ഹാജരാകില്ലെന്നും സിര്‍സ പറഞ്ഞു.